News

നമ്മള്‍ ഒറ്റയ്ക്കല്ല, യേശു കൂടെയുണ്ട്: സയിദ് സ്റ്റേഡിയത്തില്‍ പാപ്പ

സ്വന്തം ലേഖകന്‍ 05-02-2019 - Tuesday

അബുദാബി: കളിയാരവങ്ങള്‍ മാത്രം നിറഞ്ഞിരിന്ന സയിദ് അബുദാബി സ്പോർട്സ് സിറ്റിയില്‍ യേശു നാമം മുഴക്കി പാപ്പയുടെ പ്രസംഗം. നാം ഒറ്റയ്ക്കല്ലായെന്നും യേശു നമ്മുടെ ഒപ്പമുണ്ടെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി നിലകൊണ്ട രണ്ടുലക്ഷത്തോളം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. “നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം ഉപേക്ഷിച്ച് കൊണ്ട് സ്വന്തം കുടുംബത്തില്‍ നിന്നും അകന്നുജീവിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, നമ്മുടെ ഭാവിയെക്കുറിച്ചും പലപ്പോഴും വ്യക്തതയുണ്ടാവില്ല. പക്ഷേ, നമ്മുടെ ദൈവം വിശ്വസ്തനാണ്. അവന്‍ ഒരിക്കലും തന്റെ ജനത്തെ ഉപേക്ഷിക്കില്ല”. പാപ്പ പറഞ്ഞു.

നിങ്ങള്‍ യേശുവിനോടോപ്പമായിരിക്കുകയും, അവന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അനുഗ്രഹീതരായിരിക്കും. ലൗകീകതകൊണ്ട് വിശുദ്ധിയെ അളക്കുവാന്‍ കഴിയില്ലെന്ന് യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തില്‍ വിജയിച്ചവരും, സമ്പന്നരും, അധികാരവും, ശക്തിയും ഉള്ളവര്‍ മാത്രമാണ് അനുഗ്രഹീതരെന്ന തോന്നല്‍ തെറ്റാണെന്ന് വിശുദ്ധരുടെ ജീവിതം വ്യക്തമാക്കുന്നു. പാവങ്ങളും, എളിമയും, നീതിയുമുള്ളവര്‍ക്കും, സഹനമനുഭവിക്കുന്നവര്‍ക്കും വിശുദ്ധ പദവി പ്രാപ്യമാണ്.

വിശുദ്ധി എന്നുള്ളത് ഒരു ഭാവി അവസ്ഥയല്ലെന്നും, ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനവും, ഐക്യവും കാത്തുസൂക്ഷിക്കുവാന്‍ യുഎഇ ജനതയോടും, വേര്‍തിരിവുകളില്ലാത്ത ക്രൈസ്തവരായി ജീവിക്കുവാന്‍ വിശ്വാസികളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശ്വാസികളായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും.


Related Articles »