Faith And Reason - 2024

ഓര്‍ബാന്റെ ക്രിസ്തീയ വിപ്ലവം വീണ്ടും: കൂടുതല്‍ മക്കളുള്ള അമ്മമാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ഹംഗറി

സ്വന്തം ലേഖകന്‍ 13-02-2019 - Wednesday

ബുഡാപെസ്റ്റ്: ഗര്‍ഭഛിദ്രം എന്ന മാരക പാപത്തെ കൂട്ടുപിടിച്ചു ജനസംഖ്യ നിയന്ത്രണത്തിന് ലോക രാജ്യങ്ങള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ക്രിസ്തീയ കാഴ്ചപ്പാടുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറിയുടെ വേറിട്ട മാതൃക. നാലും അതിൽ കൂടുതലും കുട്ടികളെ വളർത്തുന്ന അമ്മമാർ നികുതി അടയ്ക്കേണ്ട എന്നതടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ദിവസം പ്രധാനമന്ത്രി നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രഭാഷണത്തിലാണ് കുടുംബവും, വിവാഹവും പ്രോത്സാഹിപ്പിക്കാനുള്ള 7 മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാലിൽ കൂടുതൽ കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് ജീവിതകാലം മുഴുവൻ ടാക്സ് അടയ്ക്കുന്നതിൽ നിന്ന് നൽകുന്ന ഇളവ്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് വലിയ കാർ മേടിക്കാനായിട്ടുള്ള സബ്സിഡി ഇനിമുതൽ സർക്കാർ നൽകുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. രണ്ടും അതിൽ കൂടുതലും കുട്ടികളുള്ള കുടുംബങ്ങള്‍ക്കു വീട് പണിയാനുള്ള ലോണും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥി പ്രവാഹത്തിലൂടെ യൂറോപ്പിന്റെ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിക്ടർ ഒർബൻ പ്രഖ്യാപനം നടത്തിയത് എന്നുള്ളത് ശ്രദ്ധേയമാണ്. യൂറോപ്പിലാകമാനം കുട്ടികളുടെ ജനനനിരക്കിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.

ഈ സാഹചര്യത്തില്‍ പ്രോലൈഫ് നിലപാട് തുടരുന്ന വിക്ടര്‍ ഓര്‍ബാന്‍റെ നിലപാട് വന്‍ വിപ്ലവത്തിന് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ക്രിസ്ത്യന്‍ സംസ്കാരത്തെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പാക്കുകയുമാണ്‌ തന്റെ ഗവണ്‍മെന്റിന്റെ പ്രധാന കര്‍ത്തവ്യമെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് വിക്ടര്‍ ഓര്‍ബന്‍.


Related Articles »