India - 2025

സമാധാന ദീപം തെളിയിച്ച് കെ‌സി‌വൈ‌എം

സ്വന്തം ലേഖകന്‍ 18-02-2019 - Monday

തിരുവനന്തപുരം: കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ(കെസിവൈഎം) നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാധാന ദീപം തെളിച്ചു. തീവ്രവാദത്തിന്റെ വേരുകള്‍ അറുക്കണമെന്നു പാളയം ഇമാം വി.വി. സുഹൈബ് മൗലവി പറഞ്ഞു. തീവ്രവാദത്തിന്റെ മുറിവുകള്‍ സ്‌നേഹമാകുന്ന ലേപനംകൊണ്ട് ഉണക്കുന്നതിനു നമുക്കു സാധിക്കട്ടെയെന്നു പാറശാല രൂപതാ മെത്രാന്‍ തോമസ് മാര്‍ യൗസേബിയോസ് പറഞ്ഞു.

തിരിച്ചടിയല്ല, മറിച്ച് സമാധാനത്തിലൂടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി.ബാബു നന്ദി പറഞ്ഞു. കേരളത്തിലെ എല്ലാ രൂപതകളിലും കെസിവൈമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ സമാധാന ദീപം തെളിച്ചു.

സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത്, പാളയം ഫൊറോന വികാരി മോണ്‍. ഡോ.ടി. നിക്കോളാസ്, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, ഫാ. ഡൈസണ്‍ യേശുദാസ്, ഫാ. ദീപക് ആന്റോ, ഫാ. ജോമോന്‍ കാക്കനാട്ട്, സിസ്റ്റര്‍ ലിസ്‌ന ഒഎസ്എസ്, എംസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ.അരുണ്‍ ഏറത്ത്, പ്രസിഡന്റ് ജിത്ത് ജോണ്‍, കെസിവൈഎം ലത്തീന്‍ അതിരൂപത പ്രസിഡന്റ് ഷൈജു റോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 224