India - 2025
ആക്രമണങ്ങളും കൊലപാതകങ്ങളും സമൂഹത്തെ പിന്നോട്ടടിക്കും: കെസിബിസി ഐക്യജാഗ്രതാസമിതി
സ്വന്തം ലേഖകന്‍ 19-02-2019 - Tuesday
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഹര്‍ത്താലുകളും സമൂഹത്തെ പിന്നോട്ടടിക്കുമെന്നു കെസിബിസി ഐക്യജാഗ്രതാസമിതി. കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ അടിയന്തര നടപടിയുണ്ടാകണം. രാഷ്ട്രീയ കുടിപ്പകയും കൊലപാതകങ്ങളും നാടിന്റെ സമാധാനം കെടുത്തുന്നു. പാര്‍ട്ടികള്‍ മത്സരബുദ്ധിയോടെ കൊലപാതക പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതില്‍ സമാധാനകാംക്ഷികളായ സാധാരണ ജനങ്ങള്‍ക്ക് അത്യധികം ഉത്കണ്ഠയുണ്ട്.
ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചു ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായിക്കാണുന്നില്ല എന്നതിന്റെ തെളിവാണു യൂത്ത് കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ച ഹര്‍ത്താല്‍.
രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ഇത്തരം അപകടകരമായ പ്രവണതകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു സമാധാനമാണ്. രാഷ്ട്രീയം സങ്കുചിതതാത്പര്യങ്ങളില്‍നിന്നും അക്രമപ്രവണതകളില്‍നിന്നും പിന്മാറി ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും നന്മയും ഉന്നതിയും ലക്ഷ്യംവയ്ക്കുന്നതാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അധ്യക്ഷതയില്‍ പിഒസിയില്‍ നടന്ന ഐക്യജാഗ്രതാ കമ്മീഷന്റെ യോഗം ആവശ്യപ്പെട്ടു.