India
സാന്ത്വനവുമായി പെരിയ കല്യോട്ട് മാര്‍ ജോസഫ് പാംപ്ലാനിയുടെ സന്ദര്‍ശനം
സ്വന്തം ലേഖകന്‍ 21-02-2019 - Thursday
കാസര്‍ഗോഡ്: പെരിയ കല്യോട്ട് നടന്ന രാഷ്ട്രീയ നരഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വീടുകളില്‍ സാന്ത്വനവുമായി തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശനം നടത്തി. ഇരുവരുടെയും വീടുകളില്‍ മണിക്കൂറുകളോളം ചെലവഴിച്ച് മാതാപിതാക്കളെയും സഹോദരിമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം, സാന്ത്വന വാക്കുകള്‍ കൊണ്ട് മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പോലീസിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിലെത്തിയ ഏതാനുംപേരിലേക്ക് അന്വേഷണം ഒതുക്കരുതെന്നും ഈ അരുംകൊലയില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, കുടുംബ കൂട്ടായ്മ അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറന്പില്‍, ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍ ഫാ. സെബാന്‍ ഇടയാടിയില്‍, മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് വേങ്ങക്കുന്നേല്‍, ഇന്റര്‍നെറ്റ് മിഷന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഡയസ് തുരുത്തിപ്പള്ളില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം.