India - 2025

ചര്‍ച്ച് ആക്ട്: പ്രതിഷേധ സൂചനയായി മാര്‍ച്ച് മൂന്നിന് കരിദിനം

സ്വന്തം ലേഖകന്‍ 21-02-2019 - Thursday

കൊച്ചി: ക്രൈസ്തവ സഭകള്‍ക്കു മാത്രമായുള്ള പുതിയ ട്രൈബ്യൂണലിന്റെ രൂപീകരണം അനാവശ്യവും അനന്തവുമായ തര്‍ക്കങ്ങളിലേക്കും കേസുകളിലേക്കും വഴിതെളിക്കുന്നതിനും സഭാ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കടന്നുകയറ്റം ഉണ്ടാക്കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചനയായി മാര്‍ച്ച് മൂന്നിനു കേരളത്തിലെ എല്ലാ ഇടവകകളിലും കരിദിനമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1957 മുതല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയും കെട്ടുറപ്പും തകര്‍ക്കാനാണു ചര്‍ച്ച് ബില്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ച് ബില്ലിലൂടെ സഭാ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കടന്നുകയറ്റം ഉണ്ടാകും. സഭാ നേതൃത്വം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകുന്നതില്‍ പ്രതിഷേധമുണ്ട്.

സഭാ നേതൃത്വത്തിന്റെയും വൈദികരുടെയും സന്ന്യസ്തരുടെയും ത്യാഗമനോഭാവത്തോടെയുള്ള സമര്‍പ്പണ ജീവിതത്തിന്റെ പ്രതിഫലനമാണു സഭയും സമുദായവും കൈവരിച്ചിട്ടുള്ള പുരോഗതി. സഭാനേതൃത്വത്തെ ശിഥിലമാക്കി സമുദായത്തെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല. പൂര്‍വികരുടെ അധ്വാനഫലമായി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും അവകാശങ്ങളെയും പിടിച്ചെടുക്കാനുള്ള ചര്‍ച്ച് ബില്ലിനെ എന്തുവിലകൊടുത്തും നേരിടുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി. ജെ. പാപ്പച്ചന്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Archives >>

Page 1 of 225