News - 2025
പ്രേഷിത മേഖല നവീകരിക്കാന്‍ ഈശോ സഭാംഗങ്ങളെ ക്ഷണിച്ച് പാപ്പ
സ്വന്തം ലേഖകന്‍ 23-02-2019 - Saturday
വത്തിക്കാന്‍ സിറ്റി: പ്രേഷിത മേഖല നവീകരിക്കാന്‍ കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്ന്യാസ സമൂഹമായ ഈശോ സഭാംഗങ്ങളെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. ആഗോള ജെസ്യൂട്ട് സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. അര്‍തൂറൊ സോസക്കു സ്വന്തം കൈപ്പടയില്‍ അയച്ച കത്തിലാണ് ജെസ്യൂട്ട് അംഗം കൂടിയായ ഫ്രാന്‍സിസ് പാപ്പ നവീകരണ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
പാപ്പായുടെ അപ്പസ്തോലിക പ്രബോധനാധികാരം, സിനഡു സമ്മേളനങ്ങള്‍, ദേശീയ മെത്രാന്‍ സമിതികളുടെ പ്രബോധനങ്ങള്‍, ഇവാഞ്ചലിയം ഗോഡിയം എന്ന അപ്പസ്തോലിക പ്രബോധനം എന്നിവയെ ആധാരമാക്കിയാണ് ഈശോസഭയുടെ പ്രേഷിത ശുശ്രൂഷ മേഖലകള്‍ വ്യാപിപ്പിക്കുവാന്‍ നവീകരണ നിര്‍ദ്ദേശങ്ങള്‍ പാപ്പ നല്‍കിയിരിക്കുന്നത്.
2019 മുതല്‍ 2029 വരെയുള്ള അടുത്ത പത്തു വര്‍ഷക്കാലത്തേയ്ക്കുള്ളതാണ് നവീകരണ പദ്ധതി. ഫാ. അര്‍തൂറൊ സോസ തന്നെയാണ് പാപ്പ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. വിവിധ പ്രേഷിത സാഹചര്യങ്ങള്‍ക്കും സഭയിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ പുതുമയാര്‍ന്ന രീതികള്‍ അവലംബിക്കേണ്ടതുണ്ടെന്ന് സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തൂറൊ സോസാ വ്യക്തമാക്കി.
പ്രേഷിത മേഖല നഗര പ്രാന്തങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. യുവജനങ്ങളുടെ കൂടെയായിരിക്കണമെങ്കില്‍ ലോകത്തിന്‍റെ ഗതി മാറ്റങ്ങളെ അവരുടെ കാഴ്ചപ്പാടില്‍ കാണാന്‍ ഓരോ ഈശോസഭാംഗത്തിനും സാധിക്കുകയെന്നതാണ് ഈ മേഖലയിലെ വലിയ ഉത്തരവാദിത്ത്വമെന്നും പാപ്പ കത്തില്‍ രേഖപ്പെടുത്തിയതായി ഫാ. അര്‍തൂറൊ സോസ പറഞ്ഞു.