News - 2025
"ഇത് മാനസാന്തരത്തിന്റെ സമയം": ആഗോള മെത്രാന്‍ സമിതി അധ്യക്ഷന്മാരുടെ സമ്മേളനം ഇന്ന് മുതല്‍
സ്വന്തം ലേഖകന്‍ 21-02-2019 - Thursday
വത്തിക്കാന്‍ സിറ്റി: ആഗോള സഭയില്‍ ഉയരുന്ന ലൈംഗീക വിവാദങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയുമുള്ള വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതി തലവന്‍മാരുടെ സമ്മേളനം ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന്‍ വത്തിക്കാനില്‍ ആരംഭിക്കും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിഷയത്തില്‍ സഭയുടെ സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയവയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിനും സമ്മേളനത്തില്‍ പ്രത്യേകം സമയം കണ്ടെത്താം. ആഗോള മെത്രാന്‍ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനു ഒരുക്കമായി ഇത് മാനസാന്തരത്തിനുള്ള സമയമാണെന്ന് പാപ്പ ഇന്നലെ നവ മാധ്യമങ്ങളില്‍ കുറിച്ചു.
“നാളെ മുതല്‍ ഏതാനും ദിവസങ്ങള്‍ പരസ്പരം കേള്‍ക്കാനും വിവേചിച്ചറിയാനുമായി സംവാദത്തിലും കൂട്ടായ്മയിലും ഞങ്ങള്‍ ചിലവഴിക്കും. ഇത് മാനസാന്തരത്തിന്‍റെ സമയമാണ്. സ്വയം പ്രഘോഷിക്കാനല്ല, നമുക്കായി ജീവന്‍ സമര്‍പ്പിച്ച ക്രിസ്തുവിനെ പ്രഘോഷിക്കാനാണ്.”- ഈ വാക്യമാണ് പാപ്പ നവ മാധ്യമങ്ങളില്‍ കുറിച്ചത്. പാപ്പ വിളിച്ചുകൂട്ടുന്ന സഭാധികാരികളുടെ രാജ്യാന്ത സംഗമത്തിനും, മുന്‍കൈയ്യെടുക്കുന്ന നീക്കങ്ങള്‍ക്കും പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ രാജ്യാന്തര കൂട്ടായ്മ കഴിഞ്ഞ ദിവസം (UISG & USG) പ്രസ്താവന ഇറക്കിയിരിന്നു.
ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ കരച്ചില്‍ കേള്‍ക്കാനും അവരെ മോചിപ്പിക്കാനും അവരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സന്ന്യസ്തരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സമ്മേളനം 24-നു സമാപിക്കും.