News - 2025
"എന്റെ ബൈബിള്‍ എടുക്കരുത്": ലണ്ടനിലെ ആഫ്രിക്കൻ വംശജന്റെ സുവിശേഷവത്കരണം വൈറല്‍
സ്വന്തം ലേഖകന്‍ 26-02-2019 - Tuesday
ലണ്ടന്‍: പോലീസ് അറസ്റ്റിനെ ഭേദിച്ച് ലണ്ടനിലെ വഴിയോരത്ത് ക്രിസ്തുവിന്റെ വചനം സധൈര്യം പ്രഘോഷിച്ച ആഫ്രിക്കന്‍ വംശജന്റെ സുവിശേഷവത്കരണ വീഡിയോ വൈറല്‍. തെരുവില്‍ സുവിശേഷം പ്രഘോഷിച്ച ആഫ്രിക്കൻ വംശജനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം സധൈര്യം നിലനില്‍ക്കുകയായിരിന്നു. അറസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ ബൈബിൾ പോലീസ് പിടിച്ചു വാങ്ങുന്നതും വീഡിയോയിൽ കാണാം. ആ സമയത്ത് "എന്റെ ബൈബിള്‍ എടുക്കരുത്" എന്നു അദ്ദേഹം ഉച്ചത്തില്‍ പറയുന്നുണ്ടായിരിന്നു. 15 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്.
സമാധാനം സംരക്ഷിക്കാനാണ് തങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് ലണ്ടൻ പോലീസ് പറയുന്നത്. അതിനുശേഷം അദ്ദേഹത്തെ വിട്ടയച്ചുവെന്നും ലണ്ടൻ പോലീസ് കൂട്ടിച്ചേർത്തു. ക്രൈസ്തവർക്ക് നിയമപരമായ സഹായം ലഭ്യമാക്കാൻ സ്ഥാപിതമായ ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടന അറസ്റ്റിലായ വ്യക്തിയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് സഹായങ്ങൾ നൽകാൻ അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കി. ഇതിനുമുമ്പും വഴിയോരത്ത് നിന്ന് സുവിശേഷം പ്രസംഗിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ ക്രിസ്ത്യൻ ലീഗൽ സെന്റർ മുന്നോട്ടുവന്നിരുന്നു.
അതേസമയം വഴിയോര സുവിശേഷ പ്രഘോഷകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അനവധി ക്രൈസ്തവ നേതാക്കളും മുന്നോട്ടു വന്നിട്ടുണ്ട്. ആംഗ്ലിക്കൻ പുരോഹിതനും, രാജ്ഞിയുടെ മുൻ ചാപ്ലെനുമായിരുന്ന ഡോ. ഗാവിൻ അശന്തനാണ് സുവിശേഷ പ്രഘോഷണ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയവരിലെ പ്രധാനി. നിയമം അറിയില്ലാത്ത പോലീസുകാർക്കെതിരെ, സാധുവായ പ്രഘോഷകനു വേണ്ടി പ്രതിഷേധിക്കാൻ കാന്‍റർബറി ആർച്ച് ബിഷപ്പിനും, ആംഗ്ലിക്കൻ സഭയിലെ മറ്റു മെത്രാന്മാർക്കും, ആഗ്രഹം ഉണ്ടെന്നും ആംഗ്ലിക്കൻ വൈദികൻ കൂട്ടിച്ചേർത്തു. ബൈബിളിനു പകരം ഖുർആൻ ആയിരുന്നുവെങ്കിൽ അതുപിടിച്ചെടുക്കാൻ പോലീസുകാർ ശ്രമിക്കുകയില്ലായിരുന്നുവെന്നും ആരോപണമുണ്ട്.
Posted by Pravachaka Sabdam on