News

'ഭ്രൂണഹത്യയെ അനുകൂലിക്കുന്ന കത്തോലിക്ക രാഷ്ട്രീയക്കാർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല'

സ്വന്തം ലേഖകന്‍ 02-03-2019 - Saturday

ന്യൂയോര്‍ക്ക്: ഭ്രൂണഹത്യയെ അനുകൂലിക്കുന്ന കത്തോലിക്കരായ രാഷ്ട്രീയക്കാർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലായെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്താങ്ങുന്നത് അതിൽതന്നെ തിന്മയാകയാൽ മാരക പാപത്തിലേക്ക് അത് ഒരു വ്യക്തിയെ നയിക്കുമെന്നും ബിഷപ്പ് ജോസഫ് നൗമാൻ പറഞ്ഞു. ഭ്രൂണഹത്യ നിയമങ്ങൾ ലഘൂകരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. പശ്ചാത്തപിക്കാതെ മാരക പാപത്തിൽ തുടരുന്നത് അനശ്വരമായ നമ്മുടെ ആത്മാവിനെ ബാധിക്കുമെന്നും അത് നമ്മെ നരകത്തിലേക്കുള്ള വഴിയിൽ നിർത്തുമെന്നും ബിഷപ്പ് മുന്നറിയിപ്പുനൽകി.

മാരക പാപത്തിൽ തുടർന്ന് വിശുദ്ധ കുർബാനയിൽ യേശുവിനെ സ്വീകരിക്കുന്നത് ആത്മാവിന്റെ വിധി കൂടുതൽ സങ്കീർണമാക്കും. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വിശ്വാസത്തിന് അപമാനമുണ്ടാക്കുന്ന പ്രവർത്തി അനുവദിച്ചു കൊടുക്കുന്നതിലൂടെ മറ്റുള്ള വിശ്വാസികൾക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക രാഷ്ട്രീയക്കാരുമായി ഇതിനെപ്പറ്റി സംവാദത്തിനു തയ്യാറാണെന്നും എന്നാൽ അവർ മാനസാന്തരപ്പെടാൻ ഒരുക്കമല്ലെങ്കിൽ അവരുടെ തന്നെ നന്മയെ കരുതി അവർ വിശുദ്ധ കുർബാന സ്വീകരിക്കാതിരിക്കണമെന്നും ബിഷപ്പ് നൗമാൻ പറഞ്ഞു.


Related Articles »