News - 2024

കിം ജോങ്ങിന്റെ ക്ഷണത്തില്‍ പാത്രിയാര്‍ക്കീസ് കിറില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചേക്കും

സ്വന്തം ലേഖകന്‍ 06-03-2019 - Wednesday

മോസ്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനായ പാത്രിയാര്‍ക്കീസ് കിറില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചേക്കുമെന്ന്‍ സൂചന. ഉത്തര കൊറിയന്‍ നേതാവായ കിം ജോങ്ങ് ഉന്നിന്റെ ക്ഷണപ്രകാരമാണ് മോസ്കോയുടേയും, മുഴുവന്‍ റഷ്യയുടേയും പാത്രിയാര്‍ക്കീസായ കിറിലിന്റെ ഉത്തര കൊറിയ സന്ദര്‍ശനം നടക്കുക. തെക്ക്-കിഴക്കന്‍ ഏഷ്യയിലെ പാത്രിയാര്‍ക്കല്‍ എക്സാര്‍ക്കായ മെട്രോപ്പോളിറ്റന്‍ സെര്‍ജിയൂസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാത്രിയാര്‍ക്കല്‍ പ്രസ്സ് സെക്രട്ടറിയായ ഫാ. അലെക്സാണ്ടര്‍ വോള്‍കോവാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ തീയതി നേരത്തെ വ്യക്തമാക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് ഉന്നിന്റെ ക്ഷണപ്രകാരം പാത്രിയാര്‍ക്കീസ് കിറില്‍ ഡെമോക്രാറ്റിക്‌ പ്യൂപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ (DPRK) സന്ദര്‍ശിച്ചേക്കാമെന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബാങ്കോക്കില്‍ വെച്ച് മെട്രോപ്പോളിറ്റന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മെട്രോപ്പോളിറ്റനും, എക്സ്റ്റേണല്‍ സഭാ റിലേഷന്‍സ് സിനഡല്‍ വകുപ്പ് തലവനുമായിരിക്കവേ 2006-ല്‍ പാത്രിയാര്‍ക്കീസ് കിറില്‍ പ്യോങ്ങ്യാങ്ങ് സന്ദര്‍ശിച്ചിരുന്നു. പ്യോങ്ങ്യാങ്ങിലെ ഓര്‍ത്തഡോക്സ് ദേവാലയത്തെ പരിശുദ്ധ ത്രിത്വത്തിന് സമര്‍പ്പിക്കുന്ന ചടങ്ങും അന്ന്‍ നടത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയായില്‍ പാത്രിയാര്‍ക്കീസ് കിറില്‍ വീണ്ടും എത്തുമെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവര്‍ക്ക് ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്.


Related Articles »