India - 2024

വിവിധ മേഖലകളില്‍ ക്രിസ്തു സന്ദേശം എത്തിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

സ്വന്തം ലേഖകന്‍ 10-03-2019 - Sunday

ഇരിങ്ങാലക്കുട: സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുള്ള ദൗത്യം ഓരോ അല്‍മായര്‍ക്കുമുണ്ടെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപത 14ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഒന്പതാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അല്‍മായര്‍ വോട്ടവകാശം ഉപയോഗിക്കുന്നതു രാഷ്ട്ര പുനര്‍നി‍ര്‍മിതിയിലുള്ള പങ്കുചേരലാണെന്നും ഓരോ സഭാവിശ്വാസിയുടെയും ഉത്തരവാദിത്വമാണ് വോട്ടവകാശം ഉപയോഗപ്പെടുത്തുക എന്നതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

ധാര്‍മികതയും നീതിബോധവും സമഭാവനയുമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെങ്കില്‍ ഓരോരുത്തരും വോട്ടവകാശം പ്രയോജനപ്പെടുത്തണം. അല്മായരാണ് സഭയിലെ പ്രധാന ശക്തികേന്ദ്രം. സഭയെയും രാഷ്ട്രത്തെയും പടത്തുയര്‍ത്തുന്നതില്‍ പങ്കാളികള്‍ മാത്രമല്ല, മറിച്ച് അവര്‍ സഭയെയും രാഷ്ട്രത്തെയും പടുത്തുയര്‍ത്തുന്നതില്‍ ഉത്തരവാദിത്വമുള്ള വ്യക്തികളുമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

'അല്‍മായ പങ്കാളിത്തം: സഭയിലും രാഷ്ട്ര പുനര്‍നിര്‍മ്മിതിയിലും' എന്ന വിഷയത്തെക്കുറിച്ച് പ്രഫ. കെ.എം ഫ്രാന്‍സിസ് ക്ലാസ് അവതരിപ്പിച്ചു. മോണ്‍. ആന്റോ തച്ചില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദീപക് ജോസഫ്, റീന ഫ്രാന്‍സിസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »