News
ഫാ. ഹാമലിന്റെ നാമകരണം: രൂപതാതല അന്വേഷണം പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍ 13-03-2019 - Wednesday
വത്തിക്കാന്‍/ പാരീസ്: വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കള്‍ കഴുത്തറുത്തു കൊന്ന ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള രൂപതാതല അന്വേഷണം റൌവ്വന്‍ അതിരൂപത പൂര്‍ത്തിയാക്കി. അതിരൂപതയുടെ മെത്രാപ്പോലീത്തയായ ഡൊമിനിക് ലെബ്രൂന്റെ നേതൃത്വത്തില്‍ ഫാ. ജാക്വസ് ഹാമലിന്റെ ജീവിതത്തെക്കുറിച്ചും, രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള അവസാനഘട്ട അന്വേഷണങ്ങള്‍ മാര്‍ച്ച് 9-ന് പരിസമാപ്തിയിലെത്തിയെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള രൂപതയുടെ റിപ്പോര്‍ട്ട് ഉടന്‍തന്നെ നാമകരണ തിരുസംഘത്തിന്റെ അവലോകനത്തിനായി വത്തിക്കാനിലേക്ക് അയക്കും.
2016 ജൂലൈ 16-ാം തീയതി വടക്കന്‍ ഫ്രാന്‍സിലെ റൌവ്വന് സമീപമുള്ള ഫ്രാന്‍സിലെ 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ അതിക്രമിച്ചു കയറിയ ആയുധധാരികളായ രണ്ട് തീവ്രവാദികള്‍ നിരവധി പേരെ ബന്ദിയാക്കിയതിനു ശേഷം ഫാ. ഹാമലിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുസ്ലീങ്ങളുമായി പോലും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഫാ. ജാക്വസ് ഹാമലിന്റെ ദാരുണമായ അന്ത്യം ലോക മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.
സാധാരണഗതിയില്‍ രക്തസാക്ഷിത്വം വരിച്ച വ്യക്തി മരണപ്പെട്ട് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രസ്തുത വ്യക്തിയുടെ രചനകളെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, പുണ്യപ്രവര്‍ത്തികളെക്കുറിച്ചുമുള്ള വിവരങ്ങളും സാക്ഷ്യങ്ങളും ശേഖരിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥയെ മറികടന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ 2017-ല്‍ തന്നെ ഫാ. ഹാമലിന്റെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരിന്നു. വൈദികന്റെ ജീവിതത്തെക്കുറിച്ചും, രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള അന്വേഷണത്തിനിടയില്‍ അറുപത്തിയാറോളം സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ 5 പേര്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം നേരില്‍ കണ്ടവരാണ്.
നേരത്തെ വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെ ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിന്നു.