News - 2024

ഫിലിപ്പീൻസില്‍ കത്തോലിക്ക വൈദികർക്ക് വധഭീഷണി

സ്വന്തം ലേഖകന്‍ 13-03-2019 - Wednesday

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ മയക്കുമരുന്ന് കൊലപാതക വേട്ടയുടെ നയങ്ങൾക്കെതിരെ പ്രതികരിച്ച വൈദികര്‍ക്ക് വധഭീഷണി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മനുഷ്യവകാശ പ്രവർത്തകനായ ഫാ.റോബർട്ട് റയസ്സിനും മറ്റ് രണ്ടു വൈദികർക്കും വധഭീഷണി ലഭിച്ചത്. നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടതായും നിങ്ങളുടെ അവസാന ബലിയർപ്പണം അടുത്തുവെന്നുമാണ് വൈദികർക്ക് ലഭിച്ചിരിക്കുന്ന സന്ദേശങ്ങൾ.

പ്രസിഡന്റ് ഡൂട്ടെര്‍ട്ടയുടെ ഭരണത്തിൽ മയക്കുമരുന്ന് വേട്ടയെന്ന പേരിൽ നടന്ന നരഹത്യയില്‍ ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ശക്തമായ നിലപാടുമായി കത്തോലിക്ക സഭ രംഗത്ത് വന്നിരിന്നു. ഈ സാഹചര്യത്തിലാണ് വധഭീഷണി. വധഭീഷണി യാഥാർത്ഥ്യമാകാൻ ഇടയുള്ളതിനാൽ തങ്ങൾ സുരക്ഷിതരല്ലെന്നും കോടതിയിൽ നിന്നും സംരക്ഷണം ആവശ്യപ്പെടുമെന്നും വൈദികർ അറിയിച്ചു.

കത്തോലിക്കരെ ഉദേശിച്ച് പ്രസിഡന്‍റ് നടത്തിയ പ്രസ്താവനകൾ അതികഠിനമാണെന്നും ക്രൈസ്തവർ മാത്രമല്ല കത്തോലിക്ക വിശ്വാസവും നശിച്ചുപോകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഫാ. റയീസ് പറഞ്ഞു. നേരത്തെ ഫിലിപ്പീൻസിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്തച്ചൊരിച്ചൽ നടത്തിയ മുൻ ദേശീയ പോലീസ് മേധാവി റൊണാൾഡ് ഡെല്ല റോസ, മെത്രാപ്പോലീത്തയെ നേരിട്ടു കണ്ട് മാപ്പ് യാചിച്ചിരിന്നു. റോഡ്രിഗോ ഡൂട്ടെര്‍ട്ടയുടെ ഭരണ കാലയളവില്‍ മൂന്ന് കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്.


Related Articles »