News
വനിതാദിനത്തില്‍ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ഫെമിനിസ്റ്റ് ആക്രമണം
സ്വന്തം ലേഖകന്‍ 12-03-2019 - Tuesday
ബ്യൂണസ് അയേഴ്സ്: ലോക വനിതാദിനത്തില്‍ അര്‍ജന്റീന, സ്പെയിന്‍, ഉറുഗ്വേ രാജ്യങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. ബോംബുകളും, പാറക്കല്ലുകളും, ഗാസോലിന്‍ ബോംബുകളും, ഗ്രാഫിറ്റികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഉറുഗ്വേയിലെ ചരിത്രപ്രസിദ്ധമായ നൂയെസ്ട്രാ സെനോര ഡെല്‍ കാര്‍മെന്‍ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ഫെമിനിസ്റ്റുകളുടെ ആക്രമണത്തിനിരയായി. കാര്‍മെന്‍ ദേവാലയത്തിന്റെ പ്രവേശന കവാടം കലാപ വിരുദ്ധ സേനയുടെ സംരക്ഷണത്തിലായിരുന്നുവെങ്കിലും പ്രകടനമായെത്തിയ നൂറുകണക്കിന് ഫെമിനിസ്റ്റുകള്‍ ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് ദേവാലയത്തിലേക്ക് പെയിന്റ് ബോംബുകള്‍ എറിയുകയായിരുന്നു.
സ്വവര്‍ഗ്ഗാനുരാഗം, ലൈംഗീക തൊഴില്‍, ഗര്‍ഭഛിദ്രം തുടങ്ങിയവയെ അനുകൂലിക്കുന്ന പോസ്റ്ററുകളുമായാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഫെമിനിസ്റ്റുകളുടെ പ്രകടനങ്ങള്‍ നടന്നത്. പ്രകടനത്തിടെ ബ്യൂണസ് അയേഴ്സിലെ കത്തീഡ്രലിന് നേര്‍ക്ക് ഗ്യാസോലിന്‍ ബോംബുകളും കല്ലുകളും കൊണ്ടുള്ള ആക്രമണമുണ്ടായി. റിയോ നെഗ്രോയിലെ റോക്കായിലെ ദേവാലയവും പെയിന്റ് ബോംബുകള്‍ കൊണ്ട് വികൃതമാക്കപ്പെട്ടു. സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ പുറം ഭിത്തികള്‍ അബോര്‍ഷന്‍ അനുകൂലവും ക്രിസ്ത്യന്‍ വിരുദ്ധവുമായ ചുവരെഴുത്തുകളാല്‍ ഫെമിനിസ്റ്റുകള്‍ വികൃതമാക്കിയിരിന്നു.
നേരത്തെ വല്ലാഡോളിഡിലെ അതിരൂപതാ കാര്യാലയത്തിലേക്ക് ഇരച്ചു കയറിയ ഫെമിനിസ്റ്റുകള്‍ സ്പെയിന്റെ ചരിത്രത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സ് തടസ്സപ്പെടുത്തി. “ഞങ്ങളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിന്നുള്ള രക്തം നീ കുടിക്കും എന്നായിരുന്നു” ലാ റിയോജാ പ്രോവിന്‍സിലെ ഒരു ദേവാലയത്തില്‍ നിന്നും പോലീസ് നീക്കം ചെയ്ത പോസ്റ്ററില്‍ എഴുതിയിരുന്നത്. സ്ത്രീപക്ഷവാദികളുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് കത്തോലിക്ക സഭാനേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
ദേവാലയങ്ങള്‍ ആക്രമിക്കുന്നതിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടുകയില്ലായെന്ന് മോണ്ടേവീഡിയോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും ഫെമിനിസ്റ്റ് സംഘടനകള്‍ കടുത്ത ശത്രുതയോടെയാണ് കത്തോലിക്ക സഭയെ നോക്കിക്കാണുന്നത്. സ്വവര്‍ഗ്ഗാനുരാഗം, ഗര്‍ഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്.