News - 2025
സിസ്റ്റര്‍ ലിസിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങള്‍
സ്വന്തം ലേഖകന്‍ 17-03-2019 - Sunday
കൊച്ചി: എഫ്‌സിസി നിര്‍മല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി ഇന്നലെ ടെലിവിഷന്‍ ചാനലിലൂടെ സഭയ്‌ക്കെതിരേ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ അറിയിച്ചു. എഫ്‌സിസി മദര്‍ ജനറാള്‍, നിര്‍മല പ്രോവിന്‍ഷ്യല്‍, സഭയിലെ മറ്റു സന്യാസിനിമാര്‍ എന്നിവര്‍ക്കെതിരേ സിസ്റ്റര്‍ ലിസി ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്‍കിയ പ്രതികരണക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
1. അധികാരികള്‍ അനധികൃതമായി തനിക്കു സ്ഥലംമാറ്റം നല്കി എന്നതാണ് സിസ്റ്റര്‍ ലിസി ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. 2013, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിസ്റ്റര്‍ ലിസി വിജയവാഡയിലേക്ക് തിരികെയെത്തി പ്രോവിന്‍സിന്റെ പരിധിയിലുള്ള ശുശ്രൂഷകളോട് സഹകരിക്കാന്‍ കാലാകാലങ്ങളിലുള്ള അധികാരികള്‍ ആവശ്യപ്പെടുകയും സിസ്റ്റര്‍ ലിസി അവയെല്ലാം നിരാകരിക്കുകയുമാണുണ്ടായത്. 2019ല്‍ സിസ്റ്റര്‍ ലിസിക്ക് പുതിയ നിയമനം നല്കുന്‌പോള്‍ അവര്‍ ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കിയ വിവരം അധികാരികള്‍ക്ക് അറിവുണ്ടായിരുന്നില്ല. പുതിയ നിയമനപത്രം സ്വീകരിച്ചശേഷമാണ് താന്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ടെന്ന വിവരം സിസ്റ്റര്‍ ലിസി പ്രോവിന്‍ഷ്യലിനെയും മറ്റ് അധികാരികളെയും അറിയിക്കുന്നത്.
സഭാംഗങ്ങളായ സന്യാസിനികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ സ്ഥലംമാറ്റം നല്‍കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കും അത് അനുസരിക്കാന്‍ സഭാംഗങ്ങള്‍ക്ക് കടമയും ഉണ്ട് എന്നതാണ് സന്യാസത്തിന്റെ ചൈതന്യം. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലിസി മൊഴി നല്കിയിട്ടുള്ള സാഹചര്യത്തില്‍ വിചാരണയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നതില്‍ നിന്ന് ആരും സിസ്റ്റര്‍ ലിസിയെ വിലക്കിയിട്ടില്ല.
2. അധികാരികള്‍ തന്നെ മഠം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു എന്നതാണ് സിസ്റ്റര്‍ ലിസിയുടെ മറ്റൊരു ആരോപണം. എന്നാല്‍ സഭാനിയമങ്ങളും ജീവിതക്രമവും അനുസരിച്ചു ജീവിക്കണമെന്നതു മാത്രമാണ് അധികാരികള്‍ രേഖാമൂലം നല്കിയിട്ടുള്ള നിര്‍ദേശം. പല്ലു തേക്കാന്‍ ബ്രഷ് എടുക്കുന്‌പോള്‍ മാറിപ്പോകുന്നു, മുഖം കഴുകാന്‍ ടാപ്പ് ഓണാക്കാന്‍ മറന്നു പോകുന്നു എന്ന് സ്വയം വിളിച്ചു പറയുന്ന സിസ്റ്റര്‍ ലിസി, അധികാരികള്‍ ബിഷപ് ഫ്രാങ്കോയുടെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങി തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ ആരോപണത്തെ അനുകന്പയോടെ മാത്രം നോക്കിക്കാണുന്നു.
3. വിജയവാഡയില്‍നിന്നു നാട്ടിലെത്തിയത് മരണഭയത്താലാണെന്നാണ് സിസ്റ്റര്‍ ലിസി ഏഷ്യാനെറ്റിനോട് പറഞ്ഞത്. എന്നാല്‍ അമ്മയെ കാണാനാണ് താന്‍ നാട്ടിലെത്തിയതെന്നാണ് ഇവര്‍ മുന്പ് മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളത്. വീട്ടുതടങ്കലില്‍ വച്ചു എന്ന് ആരോപിച്ച് കേസുകൊടുത്ത വ്യക്തി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തുതന്നെ തുടരുന്നു എന്നതാണ് വിരോധാഭാസം. എന്നാല്‍ സിസ്റ്റര്‍ ലിസി ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ സ്വതന്ത്രമായി സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
4. തനിക്ക് ഉപജീവനത്തിനുള്ള വകയില്ല എന്ന് കണ്ണുനീരോടെ സിസ്റ്റര്‍ ലിസി ചാനലിനോടു പറഞ്ഞതും വിചിത്രമായി തോന്നുന്നു. എഫ്‌സിസി സമൂഹത്തിലുള്ള ഒരു സന്യാസിനിക്കു പോലും സ്വന്തമായി ഉപജീവനത്തിനുള്ള വകയില്ല. ആത്മീയമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങളും സഭ തന്നെയാണ് അംഗങ്ങള്‍ക്ക് നിറവേറ്റിക്കൊടുക്കുന്നത്. സമൂഹാംഗങ്ങളുടെ ആവശ്യത്തിനുള്ള സ്‌റ്റേഷനറി സാധനങ്ങള്‍ പൊതുവായി വാങ്ങി നല്കുകയാണ് മഠത്തിലെ പതിവ്. സിസ്റ്റര്‍ ലിസിക്കും ആവശ്യമായതെല്ലാം നല്‍കുന്നുണ്ട്.
5. ഞാനിനി എവിടെപ്പോകും എന്നതാണ് സിസ്റ്റര്‍ ലിസി തന്റെ പ്രധാന ആശങ്കയായി ചാനലിനോടു പറഞ്ഞത്. എഫ്‌സിസി വിജയവാഡ പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി തനിക്ക് ലഭിച്ച നിയമന പത്രത്തിലുള്ള പുതിയ സ്ഥലത്തേക്കു പോവുകയാണു വേണ്ടത്.
