India - 2024

സൗജന്യ ഡയാലിസിസ് സെന്ററുമായി ഇരിങ്ങാലക്കുട രൂപത

സ്വന്തം ലേഖകന്‍ 25-03-2019 - Monday

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സിഎല്‍സി ദിനാഘോഷങ്ങളോടനുബന്ധിച്ച് കത്തീഡ്രലില്‍ നടന്ന ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്തില്‍നിന്നും ആദ്യ ഡയാലിസീസ് മെഷീനുള്ള തുക ഏറ്റുവാങ്ങി. രണ്ടാമത്തെ മെഷീനിനുള്ള തുക റീത്ത ജോസഫ് ആലപ്പാട്ട് പാലത്തിങ്കല്‍ ബിഷപ്പിനു കൈമാറി. സെന്റ് വിന്‍സെന്റ് ഡയബറ്റിക്‌സ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ആദ്യ വിഹിതം പോള്‍ മലയില്‍ നിന്നും ബിഷപ് ഏറ്റുവാങ്ങി.

ഒന്നരകോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്. മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇതിന്റെ പണി പൂര്‍ത്തീകരിച്ച് പൂര്‍ണസജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുവാനാണ് തീരുമാനം. കത്തീഡ്രല്‍ സിഎല്‍സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചികിത്സയും ഡയാലിസിസും മൂലം തളര്‍ന്നിരിക്കുന്ന നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഡയാലിസിസ് പൂര്‍ണമായും സൗജന്യമായി നടത്തികൊടുക്കുക എന്നുള്ളതാണ് ഈ സെന്റര്‍ വഴി ലക്ഷ്യം വെക്കുന്നത്. ഇരിങ്ങാലക്കുട അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക. ഏകദേശം മുക്കാല്‍ കോടി (75 ലക്ഷം) രൂപ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഏകദേശം അത്രതന്നെ രൂപ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും.

കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ചാക്കോ കാട്ടുപറന്പില്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സെക്രട്ടറി ജോയ് പേങ്ങിപറന്പില്‍, മുന്‍ കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട്, ജോസ് ജി. തട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫ്രാന്‍സീസ് കീറ്റിക്കല്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോണി പൊഴോലിപറന്പില്‍, ആന്റു ആലേങ്ങാടന്‍, ജെയ്‌സണ്‍ കരപറന്പില്‍, അഡ്വ. വി.സി. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Related Articles »