News - 2024

പാപ്പ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്: യുവജന പ്രബോധന രേഖ ഇന്ന് പുറത്തിറക്കും

സ്വന്തം ലേഖകന്‍ 25-03-2019 - Monday

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന്‍റെ പ്രബോധന രേഖ (The Post synodal Document) ഇന്നു ഇറ്റലിയിലെ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ചു ഫ്രാന്‍സിസ് പാപ്പ പ്രകാശനം ചെയ്യും. പ്രകാശനത്തിന് ശേഷം ലോകത്തെ എല്ലാ യുവജനങ്ങളെയും അഭിസംബോധന ചെയ്തു പാപ്പ സംസാരിക്കും. 2018 ഒക്ടോബര്‍ മാസത്തിലാണ് വത്തിക്കാനില്‍വച്ച് “യുവജനങ്ങളും ദൈവവിളിയും ജീവിത തിരഞ്ഞെടുപ്പുകളും” എന്ന വിഷയത്തെ ആധാരമാക്കി ഒരുമാസം നീണ്ട സിനഡ് സമ്മേളനം നടന്നത്.

ഇന്ന്‍ മാര്‍ച്ച് 25, തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് വത്തിക്കാനില്‍നിന്നും 200-കിലോമീറ്ററില്‍ അധികം അകലെയുള്ള ലൊരേറ്റോയില്‍ ഹെലിക്കോപ്റ്ററില്‍ എത്തിച്ചേരുന്ന പാപ്പാ സമൂഹബലിയര്‍പ്പിക്കും. ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും യുവജനങ്ങള്‍ക്കായി വിളിച്ചുകൂട്ടിയ സിനഡു സമ്മേളനത്തിന്‍റെ പഠനങ്ങളും തീര്‍പ്പുകളും ഉള്‍ച്ചേര്‍ത്തുള്ള പ്രമാണരേഖ പാപ്പാ പ്രബോധിപ്പിക്കുന്നത്. ലൊരേറ്റൊ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ രോഗികളെയും സന്ദര്‍ശിക്കും.


Related Articles »