Faith And Reason
കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍
സ്വന്തം ലേഖകന്‍ 17-01-2020 - Friday
മല്ലകൂട്ട: ഓസ്ട്രേലിയയിലെ മല്ലകൂട്ട നഗരത്തില്‍ സംഹാര താണ്ഡവമാടിയ കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന സാക്ഷ്യവുമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദി. ബി.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ‘വേവ് ഒയാസിസ് ബി ആന്‍ഡ് ബി’ എന്ന ചെറുകിട സ്ഥാപനം നടത്തിവരുന്ന ഡേവിഡ് ജെഫ്രി താനടക്കമുള്ള അനേകര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് വിവരിച്ചത്. കടുത്ത നിരീശ്വരവാദിയായിരുന്ന ജെഫ്രി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്.
നേരത്തെ മല്ലകൂട്ട പട്ടണത്തെ വളഞ്ഞ തീയില്‍ നിന്നും രക്ഷപ്പെടുവാന്‍ കടല്‍ തീരത്ത് അഭയം തേടിയ ജെഫ്രി ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ രക്ഷിക്കുവാന്‍ ഏറെ ശ്രമമാണ് നടത്തിയത്. ഈ ശ്രമങ്ങളെല്ലാം വിഫലമായി. 30 സെക്കന്‍റിനുള്ളില്‍ മരിക്കുമെന്ന് വരെ അവര്‍ സ്വയം വിലയിരുത്തി. എന്നാല്‍ നിലവിളിച്ചുള്ള പ്രാര്‍ത്ഥനക്ക് ഒടുവില്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ ഉണ്ടായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. "ഭയാനകമായ ഒരവസ്ഥയിലായിരുന്നു ഞങ്ങള്‍. അതൊരു പക്ഷേ പകല്‍ സമയമായിരുന്നിരിക്കാം, പക്ഷേ ഇരുണ്ട അര്‍ദ്ധരാത്രിപോലെയായിരുന്നു. ആയിരം തീവണ്ടികളുടെ ശബ്ദം പോലെ തീയുടെ എരിഞ്ഞടിയുന്ന ശബ്ദം മാത്രമാണ് കേള്‍ക്കുവാന്‍ ഉണ്ടായിരുന്നത്''. അസഹ്യമായ ചൂടും, കറുത്ത പുകയും കാരണം ശ്വസിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ജെഫ്രി സ്മരിക്കുന്നു.
തീ അടുത്തെത്തിയപ്പോള്‍ ജെഫ്രിയും കൂടെയുണ്ടായിരുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. “ദൈവമേ അങ്ങ് ഈ അഗ്നിയെ പിറകോട്ട് മാറ്റുന്നില്ലെങ്കില്‍ കിഴക്ക് നിന്നും കാറ്റ് വീശണമേ” എന്നായിരിന്നു പ്രാര്‍ത്ഥന. മരണത്തെ മുന്നില്‍ കണ്ട അവര്‍ക്കിടെയില്‍ ദൈവീക ഇടപെടല്‍ സംജാതമാകുകയായിരിന്നു. പ്രാര്‍ത്ഥിച്ച ഉടന്‍ തന്നെ കിഴക്കു നിന്നും ചെറിയ കാറ്റടിക്കുവാന്‍ തുടങ്ങിയെന്നും ക്രമേണ കാറ്റ് ശക്തിപ്രാപിച്ചുവെന്നും ജെഫ്രി വെളിപ്പെടുത്തി. പ്രാര്‍ത്ഥനയ്ക്കു ഉടന്‍ ഉത്തരം ലഭിച്ചതില്‍ ഏറെ സന്തോഷവാനായ ജെഫ്രി കൂടുതല്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ സ്വരം ഉയരുംതോറും കാറ്റിന്റെ ശക്തിയും കൂടിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്ക് നിന്നും കാറ്റ് വരുത്തി അഗ്നിയെ പിറകിലേക്ക് മാറ്റുക എന്നത് അസാധ്യമായിരുന്നുവെങ്കിലും അതാണ് തങ്ങള്‍ക്ക് വേണ്ടി യേശു ക്രിസ്തു ചെയ്തതെന്നാണ് ജെഫ്രി പറയുന്നത്. അന്നത്തെ കാലാവസ്ഥ പ്രവചനത്തില്‍ കാറ്റ് പ്രവചിക്കപ്പെട്ടിരുന്നില്ലെങ്കിലും, കാറ്റിനെ സൃഷ്ടിച്ച ദൈവം അതിനെ നിയന്ത്രിക്കുകയായിരിന്നുവെന്ന് ജെഫ്രിയും കൂട്ടരും വിശ്വസിക്കുന്നു. ബീച്ചില്‍ നിന്നും പിന്‍വാങ്ങിയ കാട്ടുതീ വീടുകള്‍ ലക്ഷ്യമാക്കി നീങ്ങുവാന്‍ തുടങ്ങിയതോടെ ജെഫ്രിയും കൂട്ടരും വീണ്ടും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. മല്ലകൂട്ടയിലെ ജനങ്ങള്‍ക്കായി ദൈവം രണ്ടാമതും അസാധ്യമായത് ചെയ്തു. അത്ഭുതകരമായി അഗ്നി കെട്ടടങ്ങി.
അക്രൈസ്തവരായ അയല്‍ക്കാര്‍ വരെ കാട്ടുതീയെ അടക്കിയത് ദൈവമാണെന്ന് സമ്മതിക്കുന്നതായി ജെഫ്രി പറയുന്നു. സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവന്റെ കുരിശിന്റെ പുറകിലാണ് നമ്മുടെ രക്ഷയെന്ന്‍ ലോകം മനസിലാക്കണമെന്നതാണ് പുതുജീവന്‍ ലഭിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. “അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പത് നീതിമാന്‍മാരേ കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും” (ലൂക്കാ 15:7) എന്ന യേശുവിന്റെ വാക്യത്തെ അര്‍ത്ഥവത്താക്കുന്നതാണ് നിരീശ്വരവാദിയായിരുന്ന ജെഫ്രിയുടെ സാക്ഷ്യം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക