News
ദുഃഖിതരായിരിക്കാതെ മിഷ്‌നറിമാരായി ഇറങ്ങി തിരിക്കൂ യുവജനമേ: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 11-05-2016 - Wednesday
വത്തിക്കാന്‍: സുവിശേഷത്തിന്റെ നായകര്‍ മിഷ്‌നറിമാരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം കാര്യങ്ങളിലേക്കു മാത്രം ശ്രദ്ധിക്കുകയും തനിക്കു മാത്രമെന്ന ചിന്ത മനസില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന യുവതീ യുവാക്കള്‍ അതിനെ ഉപേക്ഷിച്ച് സുവിശേഷത്തിന്റെ നേതാക്കന്‍മാരാകുവാന്‍ ഇറങ്ങി തിരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ ഡോമസ് സാന്റേ മാര്‍ത്തേ ചാപ്പലില്‍ വിശുദ്ധ ബലിക്കിടെ നടത്തിയ പ്രസംഗത്തിലാണു പാപ്പ ഇങ്ങനെ പറഞ്ഞ്.
"ജീവിതം അലസമായി ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല. പ്രയോജനകരമായി ജീവിതം മാറുന്നതു നാം അതിനെ സേവനത്തിനായി സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ്. സുവിശേഷം പ്രഘോഷിക്കുന്നവര്‍ക്കു ലഭിക്കുന്നതു ഉന്നതത്തില്‍ നിന്നുള്ള സന്തോഷവും സമാധാനവുമാണ്. യുവാക്കളും യുവതികളും ഇന്നു സമാധാനമില്ലാതെ അലയുന്നു. സുവിശേഷം പ്രസംഗിക്കുന്ന മിഷ്‌നറിമാരായി മാറുവാന്‍ ഞാന്‍ അവരെ വിളിക്കുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
സുവിശേഷത്തിനു വേണ്ടി അനേകരാണു തങ്ങളുടെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് മുന്‍പരിചയമില്ലാത്ത രാജ്യങ്ങളിലേക്കു പോയതെന്നും ഇവരില്‍ പലരും വീടുകളിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്ന കാര്യവും നാം ഓര്‍ക്കണമെന്നും പരിശുദ്ധ പിതാവ് പ്രസംഗത്തിനിടെ പറഞ്ഞു. "ഒന്നുകില്‍ അവര്‍ രക്തസാക്ഷികളായി അല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളായി മരിച്ചു. സുവിശേഷത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണിവര്‍. ഇവരാണു സഭയുടെ യഥാര്‍ഥ നായകര്‍. പരിശുദ്ധാത്മ ശക്തി തങ്ങളില്‍ വന്നു നിറയുന്നവര്‍ക്കു സുവിശേഷ പ്രഘോഷകരായി മാറാതിരിക്കുവാന്‍ സാധിക്കില്ല". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.
കച്ചവടവല്‍ക്കരണത്തിന്റെയും സ്വയംപ്രശംസയുടെയും സമൂഹത്തില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ സ്വയം ശൂന്യവല്‍ക്കരണത്തിലേക്കു തിരിയണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷം ഇന്നും എത്തപ്പെടാത്ത സ്ഥലങ്ങള്‍ ലോകത്തില്‍ ഉണ്ടെന്ന കാര്യം നമ്മേ ചിന്തിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.