Social Media

സിസ്റ്റർ ക്ലെയറിന്റെ മൃതസംസ്കാരവും എസ്‌ഡി‌പി‌ഐയുടെ സഹായവും: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

വോയ്സ് ഓഫ് നൺസ് 18-07-2020 - Saturday

'ആലുവായിൽ മരണമടഞ്ഞ സിസ്റ്റർ ക്ലെയറിൻ്റെ മൃതസംസ്കാരത്തിന് അന്ത്യകർമ്മ ചടങ്ങുകൾ നടത്താൻ പോലും ആരും ഇല്ലാത്തതിനാൽ ഞങ്ങൾ അന്യമതസ്ഥരാണ് സംസ്കാരം നടത്തിയത്' എന്ന് കൊട്ടിഘോഷിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായതുകൊണ്ട് ഞങ്ങൾ സമർപ്പിത കൂട്ടായ്മയുടെ പേരിൽ (വോയ്സ് ഓഫ് നൺസ്) യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് അറിയാൻ നടത്തിയ അന്വേഷണതിന്റെ വെളിച്ചത്തിൽ മനസിലായത് ചുവടെ ചേർക്കുന്നു.

ജാതി-മത ഭേദമന്യേ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ട അനേകായിരങ്ങൾക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യസ്തരിൽ ഒരാൾക്ക് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞപ്പോൾ ആ സിസ്റ്ററിൻ്റെ മൃതശരീരത്തെയും ആ സഹോദരി അംഗമായ മഠത്തിലും സന്യാസ സഭയിലും ഉള്ള സന്യസ്തരെയും എല്ലാവരും ഒറ്റപ്പെടുത്തി എന്നത് കേൾക്കാൻ ഞങ്ങൾ സമർപ്പിതർ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല.

പുറംലോകത്തുള്ള ആരോടും യാതൊരു സമ്പർക്കങ്ങളും ഇല്ലാത്ത, മാസങ്ങളായിട്ട് യാത്രകൾ ഒന്നും ചെയ്യാതെ മഠത്തിൽ മാത്രം കഴിഞ്ഞിരുന്ന 73 വയസ്സുകാരിയായ സിസ്റ്റർ ക്ലെയർ ഹാർട്ട് പേഷ്യന്റ് ആയിരുന്നു.

എസ്.ഡി സിസ്റ്റേഴ്സിന്‍റെ എറണാകുളം പ്രോവിന്‍സിലെ കുഴുപ്പിള്ളി മഠാംഗമായിരുന്നു. ജൂലൈ 15-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിയോടെ സിസ്റ്റർ ക്ലെയറിന് പനി വർദ്ധിച്ച് ശ്വാസംമുട്ടൽ ആരംഭിച്ചതിനെ തുടർന്ന് എസ്.ഡി സിസ്റ്റേഴ്സ് തന്നെ നടത്തുന്ന പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചു. അന്ന് രാത്രി 9 മണിയോടെ ഹാർട്ട് അറ്റാക്കിനെ തുടർന്ന് സിസ്റ്റർ മരണമടഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് കോവിഡ് ടെസ്റ്റിന് അയച്ചു.

സാധാരണ ഒരു സിസ്റ്റർ മരിച്ചാൽ എന്തൊക്കെ ഒരുക്കങ്ങൾ നടത്തുമോ അതുപോലെ തന്നെ സിസ്റ്റേഴ്സ് ആ അമ്മയെയും ശുശ്രൂഷിച്ച് സംസ്കാരത്തിന് മുമ്പ് ബോഡി കേടാകാതിരിക്കാൻ മോർച്ചറിയിൽ സൂക്ഷിച്ചു. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സിസ്റ്റർ ക്ലെയറിന്‍റെ കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. അതോടെ ആശുപത്രിയിലെ അത്യാവശ്യ സർവീസ് ഒഴികെ ബാക്കി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. സിസ്റ്റർ ക്ലെയറുമായി ഇടപെട്ട എല്ലാ സിസ്റ്റേഴ്സും ഹൗസിൻ്റെ സുപ്പീരിയറും പ്രൊവിൻഷ്യാളമ്മയും ക്വാറൻ്റൈനിലായി. ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കൃത്യമായ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് സിസ്റ്റേഴ്സ് പ്രവർത്തിച്ചത്.

കോവിഡ് ആണെന്ന് അറിയുമ്പോൾ സമീപവാസികൾ ബഹളം വയ്ക്കാൻ ഉള്ള സാധ്യത പ്രാദേശിക നേതാവ് തന്നെ സിസ്റ്റേഴ്സിനെ വിളിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. സിസ്റ്റർ ക്ലെയിറിൻ്റെ മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുവാദം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും മേജർ ആർച്ച്ബിഷപ്പിൽ നിന്നും വാങ്ങിയിരുന്നു. ആറു സിസ്റ്റേഴ്സ് തന്നെയാണ് മരിച്ച സിസ്റ്ററിന്റെ മൃതശരീരം ദഹിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയിരുന്നത്. മൃതദേഹം ദഹിപ്പിക്കാൻ എറണാകുളത്തേക്ക് കൊണ്ടു പോകുന്നുവെന്ന അറിയിപ്പാണ് ആദ്യം സിസ്റ്റേഴ്സിനു ലഭിക്കുന്നത്. ചുണങ്ങംവേലിയിൽ സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം അടക്കുന്നതിനായി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ജെ സി ബി കൊണ്ട് കുഴി എടുക്കുന്ന ജോലി അപ്പോൾ നിർത്തി വയ്ക്കുകയും ചെയ്തു.

ആശുപത്രിയിൽ നിന്ന് സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം സിസ്റ്റേഴ്സിന്റെ അകമ്പടിയോടെ എറണാകുളത്തേക്ക് ദഹിപ്പിക്കുവാൻ കൊണ്ടുപോകുവാനായ് മൃതശരീരം സിസ്റ്റേഴ്സ് ആംബുലൻസിൽ കയറ്റിയ ശേഷമാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ ഫോൺ വരുന്നത്, ദഹിപ്പിക്കാൻ പറ്റില്ല, സിമിത്തേരിയിൽ തന്നെ അടക്കണം എന്ന്. ഞൊടിയിടയിൽ സംഭവിച്ച മാറ്റങ്ങളുടെയും, അവ്യക്തതയുടെയും മദ്ധ്യേ ജോലി നിർത്തിച്ചു പറഞ്ഞു വിട്ട ജെ സി ബി ക്കാരെ വീണ്ടും വിളിച്ചു വളരെ പെട്ടെന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ആഴത്തിലുള്ള കുഴി എടുപ്പിച്ചു. സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രോവിൻഷ്യാൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അധികാരികൾ ക്വാറന്റൈനിൽ പോകേണ്ടിവന്നത് കുറെയേറെ ആശയക്കുഴപ്പം ഉണ്ടാകാൻ കാരണമായി.

പെട്ടെന്ന് ദഹിപ്പിക്കാൻ തീരുമാനം മാറിയതുകൊണ്ടു ഹെൽത്ത് ഓഫീസർ ഉടൻ തന്നെ ഇങ്ങോട്ട് സന്നദ്ധപ്രവർത്തകരുടെ സഹായം വാഗ്‌ദാനം ചെയ്യുകയും സിസ്റ്റേഴ്സ് അത് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ഹെൽത്ത് ഒഫീഷ്യൽ തന്നെ നേരിട്ട് സിസ്റ്റേഴ്സിനെ അറിയിച്ചതാണ്, ഔദ്യോഗിക വ്യക്‌തികളെ അയച്ചു സംസ്കാരജോലികൾ നടത്തുന്നതാണ് എന്ന്. മരണവിവരം കുടുംബാഗംങ്ങളെയും മരിച്ച സിസ്റ്ററിന്റെ ബന്ധുവായ വൈദിനകനേയും അറിയിച്ചിരുന്നു.

ബന്ധുവായ വൈദീകനെ കൂടാതെ കുടുംബാംഗങ്ങൾ നാലുപേർ സംസ്കാരകർമ്മത്തിന് വരുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് ബന്ധുക്കൾ പിൻമാറുകയും ബന്ധുവായ വൈദീകനും അവസാന നിമിഷം എത്തിചേരാൻ സാധിക്കാതെ വരുകയും ചെയ്തു. ദഹിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് കുഴി വെഞ്ചരിക്കുന്നതിനെക്കുറിച്ച് അപ്പോഴത്തെ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ ചിന്തിക്കാതെ പോയി എന്നത് സിസ്റ്റേഴ്സ് നിരാകരിക്കുന്നില്ല.

ഇടുക്കിയിൽ നടന്ന കോവിഡ് ബാധിതയുടെ സംസ്കാരമാതൃകയെക്കുറിച്ച് സിസ്റ്റേഴ്സിന് അറിവില്ലായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരെ അടക്കാൻ പ്രത്യേക പരിശീലനം കിട്ടിയ ഗ്രൂപ്പിനെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞയച്ചതിനാൽ സിസ്റ്റേഴ്സ് മറ്റൊന്നും ചിന്തിച്ചില്ല. ആ സഹോദരങ്ങൾ ത്യാഗപൂർവ്വം തങ്ങളുടെ ദൗത്യം നിർവ്വഹിച്ചു. അതിനു നൽകിയ സ്നേഹോപഹാരം പോലും അവർ നിരസിച്ചു കൊണ്ട് പറഞ്ഞത് "ഞങ്ങൾ പ്രതിഫലം ആഗ്രഹിച്ചല്ല ചെയ്യുന്നതെന്ന്" എന്നായിരുന്നു. ആ വാക്കുകൾ കേട്ടപ്പോൾ ബഹുമാനവും ആദരവും അഭിമാനവും ഒക്കെ തോന്നിയിരുന്നു. പക്ഷെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞയച്ചവർ തന്നെ വീഡിയോ എടുത്തത് കത്തോലിക്കാ സഭയുടെ നിസ്സഹായാവസ്ഥ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ ആയിരുന്നുവെന്ന് ആ സമയത്തു ചിന്തിക്കാൻ ഉള്ള വക്രബുദ്ധി സിസ്റ്റേഴ്സിന് ഇല്ലാതെ പോയി.

തങ്ങളുടെ മത വിശ്വാസത്തെ ഉയർത്തിക്കാട്ടാനായി മറ്റ് മത വിശ്വാസങ്ങളെ താഴ്ത്തി കെട്ടുവാനുള്ള ഒരു ദുരുദ്ദേശ്യം അവർക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ തേങ്ങലുകൾ അടക്കിപ്പിടിച്ച് കണ്ണുനീരോടെയാണെങ്കിലും ആ സന്യാസിനികൾ തന്നെ ആ മൃതസംസ്കാരം നടത്താൻ മുന്നിട്ടിറങ്ങുമായിരുന്നു.

NB: ആറ് പേർ മാത്രമേ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാവൂ എന്ന നിർദേശത്തെ തുടർന്ന് കൃത്യമായ അകലം പാലിച്ച് സെമിത്തേരിയോട് ചേർന്ന് അകലങ്ങളിൽ നിൽക്കാൻ സിസ്റ്റേഴ്സ് നിർബന്ധിതരായി. പോപ്പുലർ ഫ്രണ്ട്‌ എടുത്ത വീഡിയോയിൽ തല കാണിക്കാൻ ആ സന്യാസിനിമാർക്ക് താല്പര്യം ഇല്ലായിരുന്നു. അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ.


Related Articles »