News
ഐഎസ് ക്രൂരത വീണ്ടും; 25 ഇറാഖി പൗരന്മാരെ നൈട്രിക്ക് ആസിഡില്‍ മുക്കി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 21-05-2016 - Saturday
ബാഗ്ദാദ്: മനഃസാക്ഷി മരവിച്ച ഐഎസ് തീവ്രവാദികളുടെ ക്രൂരത തുടരുന്നു. ഏറ്റവുമൊടുവിലായി പുറത്തുവന്ന ഞെട്ടിക്കുന്ന വാര്‍ത്ത 25 ഇറാഖി പൗരന്‍മാരെ വീര്യം കൂടിയ നൈട്രിക് ആസിഡില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ്. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന ചില സ്ഥലങ്ങള്‍ സര്‍ക്കാര്‍ സൈന്യത്തിനു കാണിച്ചു നല്‍കിയെന്ന കുറ്റം ചുമത്തിയാണ് 25 പേരെയും ഐഎസ് ഇത്തരത്തില്‍ വധിച്ചത്. വീര്യം കൂടിയ നൈട്രിക് ആസിഡ് വലിയ വീപ്പയില്‍ നിറച്ച ശേഷം കൈകാലുകള്‍ ബന്ധിച്ച് ജീവനോടെയാണു പൗരന്‍മാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്ന്‍ ഇറാഖി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീര്യം കൂടിയ ആസിഡില്‍ മുക്കുമ്പോള്‍ തന്നെ ശരീരം നീറിപുകഞ്ഞു പൂര്‍ണ്ണമായും ആസിഡിലേക്കു ലയിച്ചു ചേരുകയാണ് ചെയ്യുന്നത്. സമാനമായ ക്രൂരത മൊസൂളില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഐഎസ് നടത്തിയിരുന്നു. 'നികുതി പണം നല്‍കാം ഒരു നിമിഷം ഇരിക്കൂ' എന്നു പറഞ്ഞ വീട്ടമ്മയുടെ 12-കാരിയായ പെണ്‍കുഞ്ഞിനെ കുളിമുറിയിലിട്ട് ചുട്ട് കരിച്ചാണ് ഐഎസ് ക്രൂരത കാട്ടിയത്.
ക്രൈസ്തവയായ ഈ പെണ്‍കുഞ്ഞ് അവസാനമായി പറഞ്ഞ വാക്കുകള്‍ 'ഞാന്‍ അവരോടു ക്ഷമിക്കുന്നുവെന്നാണ്'. ക്രൈസ്തവ ജീവിതത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറിയ പെണ്‍കുഞ്ഞ് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
നേരത്തെ വിവാഹം കഴിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരായ 250 സ്ത്രീകളെ ഐഎസ് കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരും യസീദി സമുദായത്തില്‍പ്പെടുന്നവരുമായ പെണ്‍കുട്ടികളെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് പരസ്യമായി തീവ്രവാദികള്‍ മാനഭംഗപ്പെടുത്തുന്നത് ഇറാഖിലും സിറിയയിലും നിത്യ സംഭവമായി മാറിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ അക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് വംശീയവും സാംസ്‌കാരികവുമായ തുടച്ചു നീക്കലാണ്.
യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവരും അതില്‍ നിന്നു പിന്തിരിയില്ലെന്നു പ്രഖ്യാപിക്കുന്നവരും വിശ്വാസമേറ്റു പറഞ്ഞു മരണത്തെ പുല്‍കുകയാണ്. സിറിയയുടെ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നിന്ന്‍ 30 കിലോമീറ്റര്‍ അകലെ, കൂട്ടകൊലയ്ക്കു ശേഷം ഐഎസ് മറവു ചെയ്ത ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.