News

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കു ആശ്വാസവുമായി കത്തോലിക്കാ സഭ

സ്വന്തം ലേഖകന്‍ 23-05-2016 - Monday

കൊളംമ്പോ: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കു സഹായവും ആശ്വാസവുമായി കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു പെയ്ത ശക്തമായ മഴയില്‍ 82 ആളുകളാണു മരിച്ചത്. അഞ്ചു ലക്ഷം പേര്‍ക്കു ഭവനങ്ങള്‍ നഷ്ടമായി. മരണസഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. 182 ആളുകളെ കാണാതായിട്ടുണ്ട്. വടക്കുകിഴക്കന്‍ ലങ്കയിലും മധ്യലങ്കയിലുമാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഇവര്‍ക്കിടയിലാണു കാരിത്താസ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ആശ്വാസം പകരുന്നത്. ലോകമെമ്പാടും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്ന സംഘടനയാണു കാരിത്താസ്. കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ട സംഘടന ക്രിസ്തീയ ദര്‍ശനത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കുന്നു.

"ശ്രീലങ്കയിലെ പെട്ടെന്നുണ്ടായ മഴയില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ കണ്ണീരൊപ്പാൻ സഭ അവരുടെ കൂടെ നില്‍ക്കുന്നു. അവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ സഭ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തില്‍ ഇരിക്കുന്നവരെ കരുതുക എന്നതു സഭയുടെ പ്രധാന ഉത്തരവാദിത്വവും കടമയുമാണ്". ഫാദര്‍ ജോര്‍ജ് സിംഗാമണിയുടെ വാക്കുകളാണിത്. കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വൈദികരും ആത്മായരുമടങ്ങുന്ന ഒരു വലിയ സംഘമാണ്. ഭക്ഷണവും ശുദ്ധജലവും എത്തിച്ചു നല്‍കുന്നതോടൊപ്പം വസ്ത്രങ്ങളും പുതപ്പുകളും കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്.

കഴിവതും സ്ഥലങ്ങളില്‍ ചൂടുള്ള ആഹാരം തന്നെയാണു കാരിത്താസ് പ്രവര്‍ത്തകര്‍ എത്തിക്കുന്നത്. എന്നാല്‍ ശക്തമായി തോരാതെ പെയ്യുന്ന മഴ ഇതിനു വിലങ്ങുതടിയാകുന്നുണ്ട്. സര്‍ക്കാരുമായി ചേര്‍ന്നു പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കാരിത്താസ് ജനങ്ങളിലേക്ക് എത്തിച്ചു നല്‍കുന്നുണ്ട്. മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ആളുകള്‍ക്ക് ഇതു മൂലം സാധിക്കും. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുടെ വരുമാനവും സമ്പത്തുമാണു മഴ മൂലം ഏറ്റവും കൂടുതല്‍ നശിച്ചത്. മഴ ശക്തമാകുന്ന മുന്നറിയിപ്പ് കണക്കിലെടുത്തു കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ദൈവത്തില്‍ ആശ്രയിച്ചു കാരിത്താസ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.

More Archives >>

Page 1 of 41