News - 2024

ബനഡിക്ടറ്റ് പതിനാറാമന്റെ പ്രാർത്ഥനാ ജീവിതത്തില്‍ നിന്നും നമുക്ക് ഏറെ പഠിക്കുവാനുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 23-06-2016 - Thursday

വത്തിക്കാന്‍: ബനഡിക്ടറ്റ് പതിനാറാമന്റെ പ്രാർത്ഥനാ ജീവിതത്തില്‍ നിന്നും ഏറെ പഠിക്കുവാനുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്റെ 65-ാം വാര്‍ഷികത്തില്‍ ഇഗ്നാത്തിയോസ് പ്രസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ ബനഡിക്ടറ്റ് പതിനാറാമന്റെ മാതൃകാപരമായ ക്രിസ്തീയ ജീവിതത്തെ കുറിച്ച് വിശദീകരിക്കുന്നത്.

"എപ്പോഴെല്ലാം ബനഡിക്ടറ്റ് പതിനാറാമന്റെ ലേഖനങ്ങള്‍ വായിക്കുന്നുവോ അപ്പോഴെല്ലാം എനിക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ തീവ്രമായ പ്രാർത്ഥനയുടെ ഫലമാണ് ആഴമായ ഈ ദൈവശാസ്ത്ര ലേഖനങ്ങൾ. ഒരു നല്ല പ്രാര്‍ത്ഥനക്കാരനേയും ഒരു നല്ല വിശ്വാസിയേയും വിശുദ്ധിയെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയേയും നമുക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയില്‍ ആരംഭ ജീവിതം മുതല്‍ തന്നെ കാണാമായിരുന്നു. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ദൈവത്തിന്റെ മനുഷനാണ് ബനഡിക്ടറ്റ് പതിനാറാമന്‍". തന്റെ മുന്‍ഗാമിയെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കുറിക്കുന്നു.

മികച്ച കാര്യക്ഷമതയും സംഘടനാ പ്രാപ്തിയും ഉണ്ടായിരുന്നാലും ക്രിസ്തുവുമായി വ്യക്തി ബന്ധവും പ്രാര്‍ത്ഥനയും ഇല്ലാതെ ഒരു വൈദികനും ഒന്നും നേടുവാന്‍ സാധിക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാമുകി എപ്പോഴും തന്റെ പ്രിയനേ കുറിച്ച് ചിന്തിക്കുന്നതു പോലെ തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ ദൈവത്തോട് എപ്പോഴും പ്രാര്‍ത്ഥനയില്‍ അടുക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉപമിച്ചു.

സ്ഥാനത്യാഗം ചെയ്ത ശേഷം ആദ്യമായി വത്തിക്കാനിലെ അപ്പസ്തോലിക് പാലസിൽ ഈ മാസം 28-ാം തീയതി ബനഡിക്ടറ്റ് പതിനാറാമന്‍ എത്തും. ക്ലമന്റീന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബനഡിക്ടറ്റ് പാപ്പായേ അനുമോദിക്കും. ഇതിനു മുമ്പും ഇരു മാര്‍പാപ്പമാരും പങ്കെടുത്ത ചുരുക്കം ചില ചടങ്ങുകള്‍ വത്തിക്കാനില്‍ നടന്നിരുന്നു.

More Archives >>

Page 1 of 52