News - 2024
ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ വൈദികനെ സഭാ ശുശ്രൂഷകളില്‍ നിന്നും ബിഷപ്പ് താല്‍ക്കാലികമായി പുറത്താക്കി
സ്വന്തം ലേഖകന്‍ 05-07-2016 - Tuesday
സുമാത്ര: പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വൈദികനെ സഭയുടെ ശുശ്രൂഷകളില്‍ നിന്നും ബിഷപ്പ് താല്‍ക്കാലികമായി പുറത്താക്കി. ഇന്തോനേഷ്യന്‍ വൈദികനായ റാന്റിനസ് മനാലൂവിനെയാണ് സിബോള്‍ഗ ബിഷപ്പ് ലുഡോവിക്കസ് മനുലാംഗ് പുറത്താക്കിയിരിക്കുന്നത്. സഭയുടെ കാനോന്‍ നിയമപ്രകാരം പുരോഹിതര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകുവാനോ സര്‍ക്കാര്‍ ഭരണസംവിധാനങ്ങളുടെ ചുമതല വഹിക്കുവാനോ പാടില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വടക്കന്‍ സുമാത്രയിലെ തപനൂലി ജില്ലയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് ഫാദര്‍ റാന്റിനസ് മനാലൂ മത്സരിക്കുന്നത്. അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ഷക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫാദര്‍ റാന്റിനസ് മനാലൂ, അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ 22,000 പൗരന്‍മാര്‍ ഒപ്പിട്ട പത്രിക സമര്‍പ്പിക്കണമെന്നാണ് ഇന്തോനേഷ്യയിലെ നിയമം. ഫാദര്‍ റാന്റിനസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് 30,000-ല്‍ അധികം ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.
"സഭയുടെ നിയമത്തില്‍ വൈദികര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയുന്നതിനാലാണ് ഫാദര്‍ റാന്റിനസ് മനാലൂവിനെ ശുശ്രൂഷകളില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കുന്നത്. വൈദികന്‍ എന്ന പദവിയില്‍ നിലനില്‍ക്കുമ്പോള്‍ ലഭ്യമാകുന്ന എല്ലാ അധികാരങ്ങളും അദ്ദേഹത്തിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു". ബിഷപ്പ് ലുഡോവിക്കസ് മനുലാംഗ് കാത്തലിക് ഓണ്‍ലൈന്‍ പത്രമായ യുസിഎ ന്യൂസിനോട് പറഞ്ഞു.
സഭയുടെ നിയമപ്രകാരമുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള പുറത്താക്കലായി മാത്രമേ താന്‍ സംഭവത്തെ കാണുന്നുള്ളുവെന്ന് ഫാദര്‍ റാന്റിനസ് മാനാലു പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് വീണ്ടും സഭയില്‍ വൈദികനായി തുടരുവാന്‍ അനുവാദം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വൈദികനായി മടങ്ങണമെന്നും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് വിശ്വാസികളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണുള്ളതെന്ന് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.