News - 2025
വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു
പ്രവാചകശബ്ദം 05-07-2022 - Tuesday
കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാൾ കഴിഞ്ഞ വർഷം വളരെ മോശകരമായ വിധത്തിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുക്കൊണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ക്രൈസ്തവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ യേശുക്രിസ്തു "പിഴച്ച് പെറ്റ"താണന്നും, അവിഹിതത്തിൽ പിറന്നതാണെന്നും ഇയാള്‍ പ്രസംഗത്തിലൂടെ വിദ്വേഷ പ്രസംഗം നടത്തിയിരിന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നതും, കേക്ക് മുറിക്കുന്നതും, ആശംസകൾ അറിയിക്കുന്നതും ഇയാള്‍ വിമർശനം നടത്തി.
ഇതിനെതിരെ വിവിധ സംഘടനകൾ പരാതി നൽകിയിരിന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബിജെപി ന്യൂനപക്ഷ വിഭാഗത്തിലെ നേതാവ് അനൂപ് ആന്‍റണിയുടെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഡിജിപിക്കും സൈബർ ക്രൈം വിഭാഗത്തിനും അനൂപ് ആന്റണി പരാതി നൽകിയെങ്കിലും നടപടിയെടുത്തിരിന്നില്ല. തുടർന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരിന്നു. തുടർന്നാണ് കൊച്ചി സൈബർ പോലീസ് വസീം അൽ ഹിക്കമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർവം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു. പക്ഷേ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.