News

നല്ല സമരിയാക്കാരന്റേ ഉപമ നമ്മുടെ ജീവിത ശൈലിയുടെ തെരഞ്ഞെടുപ്പാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 11-07-2016 - Monday

വത്തിക്കാന്‍: നല്ല സമരിയാക്കാരന്റെ ഉപമ ബൈബിളിലെ ഒരു ഉപമയായി മാത്രം കാണേണ്ട ഒന്നല്ലെന്നും അനുദിനം നാം ഓരോരുത്തരും എങ്ങനെ ജീവിക്കണം എന്നതിന്റെ തെരഞ്ഞെടുപ്പായി ഇതിനെ കാണുവാന്‍ സാധിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഞായറാഴ്ച പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്ല സമരിയാക്കാരന്റെ ഉപമയുടെ ആഴമായ അര്‍ത്ഥ തലങ്ങളിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടു പോയത്. നല്ല സമരിയാക്കാരന്‍ പ്രതിനിധീകരിക്കുന്നത് ഒരു ജീവിത ശൈലിയാണ്. ഈ ഉപമയിലെ കേന്ദ്രം ചുറ്റുപാടും മുറിവേറ്റും വേദനപ്പെട്ടും ആവശ്യത്തിലും കഴിയുന്നവരാണ്. 'സ്വയം കേന്ദ്രീകൃതമായ' ഒരു ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി പുറത്തേക്ക് നോക്കുവാന്‍ കഴിയണമെന്നു സമരിയാക്കാരന്‍റെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാപ്പ പറഞ്ഞു.

"നല്ല സമരിയാക്കാരന്‍ നമ്മോടു പലതും പറയുന്നുണ്ട്. വിശ്വാസം മാത്രം പോരാ, പ്രവര്‍ത്തിയും ആവശ്യമാണെന്നും പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമായ ഒന്നാണെന്നും ഈ ഉപമയിലൂടെ ക്രിസ്തു നമുക്ക് ചൂണ്ടികാണിച്ചു തരുന്നു. നമുക്ക് നമ്മോടു തന്നെ ചോദിക്കാം. നമ്മുടെ വിശ്വാസം ജീവനുള്ള ഒന്നാണോ? അതോ മൃതിയടഞ്ഞ വിശ്വാസത്തിന്റെ വാഹകരാണോ നാം? മുറിവേറ്റ് വഴിവക്കില്‍ നമ്മുടെ കരുണയും പ്രതീക്ഷിച്ച് കിടക്കുന്നവനെ നോക്കാതെ കടന്നു പോകുന്നവരാണോ നാം? വിധി ദിവസം നാം നമ്മുടെ കരുണയുള്ള പ്രവര്‍ത്തികള്‍ മൂലമേ നീതികരിക്കപ്പെടുകയുള്ളുയെന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു" ഫ്രാന്‍സിസ് പാപ്പ കൂട്ടി ചേര്‍ത്തു.

സമകാലീന ലോകത്തിലെ പല മുറിവേറ്റ ജീവിതങ്ങളേയും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ നിരത്തി വച്ചു. "വിശന്നു വലയുന്ന കുഞ്ഞുങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവന്റെ വിശപ്പ് അകറ്റുന്ന നല്ല സമരിയാക്കാരനാകുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അഭയാര്‍ത്ഥികളില്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കിടക്കുന്ന മാതാപിതാക്കളെ നാം എങ്ങനെയാണ് കരുതുന്നത്? ആരും സന്ദര്‍ശിക്കാത്ത എത്രയോ രോഗികള്‍, തന്നേ തിരക്കി വരുന്ന ഒരു സന്ദര്‍ശകനെ പ്രതീക്ഷിച്ച് ആശുപത്രികളില്‍ കിടക്കുന്നു. ഇങ്ങനെ മുറിവേറ്റ് വഴിയില്‍ കിടക്കുന്ന ആയിരങ്ങളുണ്ട്. ഇവരുടെ മുറിവുകളെ കണ്ടില്ലെന്ന് എങ്ങനെ നമുക്ക് കരുതുവാന്‍ കഴിയും? മുറിവുകളെ വെച്ചുകെട്ടുന്ന നല്ല സമരിയാക്കാരനായി നാം മാറണം" പാപ്പ പറഞ്ഞു.

സമരിയാക്കാര്‍ വിശ്വാസപരമായ കാരണങ്ങളാല്‍ യൂദന്‍മാരില്‍ നിന്നും വെറുക്കപ്പെട്ടു കഴിയുന്ന മനുഷ്യരാണ്. എന്നാല്‍ മുറിവേറ്റ ഒരുവന് സഹായം ആവശ്യമായി വന്നപ്പോള്‍ യൂദന്‍മാര്‍ വെറുക്കുന്ന സമരിയാക്കാരന്‍ മാത്രമാണ് സഹായത്തിന് വന്നത്. ഇതില്‍ നിന്നും നല്ല അയല്‍ക്കാരന്‍ ആരാണെന്ന് ക്രിസ്തു നമുക്ക് പഠിപ്പിച്ചു നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഈ പഠിപ്പിക്കല്‍ വലിയ പ്രാധാന്യം ഉള്ളതാണ്. കാരണം, പത്തു കല്‍പ്പനകളെ ക്രിസ്തു രണ്ടായി സംഗ്രഹിച്ചിരിക്കുന്നു. അതില്‍ രണ്ടാമത്തെ കല്‍പ്പന നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതാണ്. ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന് മനസിലാക്കുവാന്‍ ക്രിസ്തു ഈ ഉപമ വിശദീകരിക്കുന്നു. സമരിയക്കാരനെ പോലെ നല്ല അയല്‍ക്കാരായി ഇരിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

പരിശുദ്ധ അമ്മയെ ഓര്‍മ്മിച്ചും മാതാവിന്റെ പ്രാര്‍ത്ഥനയിലൂടെ സഹായം ലഭിക്കുന്നവരായി നാം മാറട്ടെ എന്നും ആശംസിച്ചാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "മറ്റുള്ളവരോട് യഥാര്‍ഥ സ്‌നേഹം പ്രകടിപ്പിക്കുവാന്‍ നമുക്ക് കഴിയട്ടെ. പരിശുദ്ധ കന്യക മറിയത്തിന്റെ മാധ്യസ്ഥം ഇതിനു വേണ്ടി നമ്മേ ഒരുക്കട്ടെ. ക്രിസ്തു നല്‍കിയ കല്‍പ്പന പൂര്‍ത്തികരിച്ചു, ആ പാതയിലൂടെ നിത്യജീവനിങ്കലേക്ക് കടക്കുവാന്‍ അമ്മയുടെ മാധ്യസ്ഥവും നമുക്ക് സഹായകമാകട്ടെ" ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു.

More Archives >>

Page 1 of 57