News - 2025
യുക്രൈനിൽ സഹായ വിതരണത്തിനിടെ പേപ്പൽ പ്രതിനിധിയായ കർദ്ദിനാളിന് നേരെ വെടിവെയ്പ്പ്
പ്രവാചകശബ്ദം 18-09-2022 - Sunday
കീവ്: റഷ്യ- യുക്രൈൻ യുദ്ധം മൂലം ക്ലേശിക്കുന്ന യുക്രൈനിലെ ജനതയ്ക്ക് സഹായ വിതരണം ചെയ്യാൻ എത്തിയ പേപ്പൽ സഹായ പദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയെ ലക്ഷ്യമാക്കി വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട്. സപ്പോറിസിയ എന്ന സ്ഥലത്ത് സഹായം വിതരണം ചെയ്യുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആളുകൾ കടന്നു ചെല്ലാത്ത ഈ പ്രദേശത്ത് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു പോളിഷ് സ്വദേശിയായ കർദ്ദിനാൾ ക്രജേവ്‌സ്‌കി.
ജീവിതത്തിൽ ആദ്യമായി എങ്ങോട്ട് ഓടി പോകണമെന്ന് പോലും തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലായിപ്പോയെന്ന് അദ്ദേഹം പിന്നീട് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദക്ഷിണ യുക്രേനിയൻ പട്ടണമായ സപ്പോറിസിയയിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ശക്തമായ പോരാട്ടം തുടരുന്നത് മൂലം ഒരാഴ്ചയായി ആണവകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. തിരുസഭയുടെ സാന്നിധ്യത്തിന്റെ സാക്ഷിയാകാൻ കർദ്ദിനാൾ ക്രജേവ്‌സ്‌കി യുക്രൈനിലേക്ക് വീണ്ടും പോകുമെന്ന് സെപ്റ്റംബർ പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം ഇത് നാലാമത്തെ തവണയാണ് അദ്ദേഹം യുക്രൈനിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കത്തോലിക്ക സഭ സഹായമെത്തിക്കുന്നുണ്ട്.