News - 2025

ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാപ്പ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ചൈന വിസമ്മതിച്ചു

പ്രവാചകശബ്ദം 19-09-2022 - Monday

റോം: മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനിലെ തന്റെ 38-മത് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുവാനുള്ള സന്നദ്ധത അറിയിച്ചുവെങ്കിലും ചൈന വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത വത്തിക്കാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 13-15 തീയതികളിലായി കസാക്ക് തലസ്ഥാനമായ നൂർ-സുൽത്താനിൽ നടന്ന ഏഴാമത് ലോക പരമ്പരാഗത മതനേതാക്കളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാക്കിസ്ഥാനിലെത്തിയത്. പാപ്പ എത്തിയതിന്റെ തൊട്ടടുത്ത ദിവസം കസാക്ക് പ്രസിഡന്റ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായി കൂടിക്കാഴ്ച നടത്തുവാന്‍ ചൈനീസ്‌ പ്രസിഡന്റും നൂർ-സുൽത്താനിൽ ഉണ്ടായിരുന്നു.

ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാപ്പക്ക് സമയമുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചുവെങ്കിലും, ഇതിനെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും, എന്നാല്‍ ചൈനീസ്‌ പ്രസിഡന്റിന്റെ ഷെഡ്യൂളില്‍ ഒഴിവില്ലെന്ന വാദവുമായി കൂടിക്കാഴ്ച ഒഴിവാക്കുകയായിരിന്നുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിക്കാഴ്ച നടക്കുകയായിരുന്നെങ്കില്‍ അതൊരു ചരിത്ര നിമിഷമാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനു മുന്‍പ് ഒരു പാപ്പയും ചൈനയിലെ ഒരു പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നതാണ് അതിന്റെ കാരണം. സെപ്റ്റംബര്‍ 13-ന് റോമില്‍ നിന്നും കസാക്കിസ്ഥാനിലേക്കുള്ള യാത്രാമദ്ധ്യേ ചൈന സന്ദര്‍ശിക്കുവാനുള്ള സന്നദ്ധത പാപ്പ പ്രകടിപ്പിച്ചിരുന്നു. “ചൈന സന്ദര്‍ശിക്കുവാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്” എന്നാണ് പാപ്പ പറഞ്ഞത്.

മെത്രാന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് വത്തിക്കാനും- ചൈനയും തമ്മിലുള്ള കരാര്‍ പുതുക്കുവാന്‍ തീരുമാനിക്കുകയും, കത്തോലിക്കാ കര്‍ദ്ദിനാള്‍ സെന്‍ ഹോങ്കോങ്ങില്‍ വിചാരണ നേരിടുവാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് കസാക്കിസ്ഥാനിലേക്കുള്ള ഇരുനേതാക്കളുടേയും സന്ദര്‍ശനം നടന്നത്. ചൈനയിലെ ക്രൈസ്തവരെയും, ഉയിഘുര്‍ മുസ്ലീങ്ങളെയും അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷി ജിൻപിങ്ങ്. ക്രൈസ്തവ വിരുദ്ധ നിലപാടുമായി വിശ്വാസികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ ഓരോ ദിവസവും മാധ്യമ ശ്രദ്ധ നേടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 790