News

യുക്രൈനില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടത്തിന് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി പാപ്പയുടെ പ്രതിനിധി

പ്രവാചകശബ്ദം 20-09-2022 - Tuesday

കീവ്: യുക്രൈനില്‍ റഷ്യൻ പട്ടാളം നിർദ്ദയം വധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരെ മറവു ചെയ്ത കുഴിമാടങ്ങൾ കണ്ടെത്തിയ ഐസിയുമിൽ പാപ്പയുടെ പ്രത്യേക പ്രതിനിധി കർദ്ദിനാൾ ക്രജേവ്സ്കി സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. മാര്‍പാപ്പയുടെ ദാനധർമ്മ കാര്യങ്ങളുടെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ഐസിയുമിൽ ദേവദാരുവൃക്ഷാരണ്യത്തിലെ കുഴിമാടങ്ങൾക്കു മുന്നിൽ എത്തിയാണ് പ്രാർത്ഥിച്ചത്. റഷ്യൻ പട്ടാളം നിർദ്ദയം വധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരെ മറവു ചെയ്ത നാനൂറിലേറെ കുഴിമാടങ്ങളാണ് ഐസിയുമിൽ കണ്ടെത്തിയിരിക്കുന്നത്.

ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക ദൂതനായി നാലാം തവണയും യുക്രൈനിൽ എത്തിയിരിക്കുന്ന കർദ്ദിനാൾ ക്രജേവസ്കി ഇന്നലെ തിങ്കളാഴ്‌ച (19/09/22) ആണ് കുഴിമാടങ്ങൾ സന്ദർശിച്ച് പ്രാർത്ഥിച്ചത്. റഷ്യന്‍ സൈന്യത്തിൻറെ നിഷ്ഠൂരതയുടെ ഹൃദയഭേദകമായ കാഴ്ചയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധത്തിന് അനുകമ്പയെന്തെന്ന് അറിയില്ല. ഈ ഭീകരതയ്ക്കു മുന്നിൽ നാം നിശബ്ദരായിപ്പോകുന്നു. യുദ്ധത്തിൽ ജീവന്‍ നഷ്ട്ടപ്പെടും എന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ ഒരിടത്ത് ഇത്രമാത്രം മരിച്ചവരുടെ മൃതദേഹം കാണുകയെന്നത് വിശദീകരിക്കുക പ്രയാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹങ്ങൾ പുറത്തെടുക്കുകയും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന ഇരുനൂറോളം പേരെങ്കിലും വരുന്ന യുവജനങ്ങൾ അവിടെ പാലിച്ചിരുന്ന നിശബ്ദത തന്നെ സ്പർശിച്ചു. മരണമെന്ന രഹസ്യത്തോടുള്ള അവിശ്വസനീയമായ ആദരവോടുകൂടിയ ഒരു നിശബ്ദതയായിരുന്നു അതെന്നും ആ യുവ സമൂഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ക്രജേവ്സ്കി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്‌ച (17/09/22) സഹായം എത്തിക്കുകയായിരുന്ന കർദ്ദിനാൾ ക്രജേവ്സ്കിയ്ക്കും സംഘവും വെടിവെയ്പ്പില്‍ നിന്ന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 791