Arts - 2025
വത്തിക്കാൻ തോട്ടത്തിൽ 'ദൈവമാതാവിനെ സന്ദർശിക്കാൻ' മെയ് മാസത്തില്‍ അവസരം
പ്രവാചകശബ്ദം 17-04-2023 - Monday
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ദൈവമാതാവിനായി സമർപ്പിച്ചിട്ടുള്ള മെയ് മാസത്തിലുടനീളം വത്തിക്കാൻ മ്യൂസിയം തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി വത്തിക്കാൻ തോട്ടത്തിൽ വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ നിരവധി ചിത്രങ്ങൾ കാണുന്നതിനു അവസരമൊരുക്കുന്നു. മെയ് 3 മുതൽ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും, പരിശുദ്ധ പിതാവിന്റെ പൊതു കൂടിക്കാഴ്ചയ്ക്ക് ശേഷവും, എല്ലാ ശനിയാഴ്ചകളിലും പൂന്തോട്ടത്തിലെ ഈ പ്രത്യേക മരിയന്‍ തീർത്ഥാടനത്തിൽ അവസരമുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.
ഒരുകാലത്ത് പാപ്പമാരുടെ ഹ്രസ്വ വിശ്രമങ്ങൾക്കായി നീക്കിവെച്ച സ്ഥലമായിരുന്നു വത്തിക്കാൻ പൂന്തോട്ടങ്ങൾ. ഇന്ന് അവ പൊതുജനങ്ങളുടെ സന്ദർശനത്തിനായി തുറന്നിരിക്കുകയാണ്. പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും ഇടമായി രൂപകൽപ്പന ചെയ്ത പൂന്തോട്ടത്തിൽ കാലാകാലങ്ങളായി പാപ്പമാർ പരിശുദ്ധ ദൈവമാതാവിനെ എങ്ങനെ ആദരിച്ചുവെന്ന് അറിയാന്‍ സന്ദർശകരെ അനുവദിക്കുന്ന ഒരു വിലയേറിയ അവസരമാണ് പുതിയ സംരംഭമെന്നു വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമെമ്പാടും ആദരിക്കപ്പെടുന്ന മാതാവിന്റെ വിവിധ തിരുസ്വരൂപങ്ങൾ, വിവിധ രീതികളിൽ പ്രകൃതീരമണീയമായ വഴികളിലാണ് സജ്ജീകരിക്കുക. ഏറ്റവും പ്രാചീനമായ ലൂർദ്ദ് മാതാവിന്റെ തിരുസ്വരൂപത്തിന്റെ ഏറ്റവും വിശ്വ പ്രസിദ്ധമായ യഥാര്‍ത്ഥ രൂപം മുതൽ ലാറ്റിന്‍ അമേരിക്കയിൽ നിന്നുള്ള ഏറ്റവും പുതിയ രൂപം വരെ ഇവിടെ പ്രദര്‍ശനത്തിന് ഉണ്ടാകും. ഫ്രാൻസിസ് പാപ്പയ്ക്കു ഏറെ പ്രിയപ്പെട്ട ഫാത്തിമ മാതാവിന്റെയും, ഗ്വാഡലുപ്പ മാതാവിന്റെയും രൂപങ്ങളും ഇക്കൂട്ടത്തിലുണ്ട്.