News

രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-07-2024 - Wednesday

വത്തിക്കാന്‍ സിറ്റി: രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ലായെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ മാസത്തെ തന്റെ നിയോഗം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. രോഗികൾക്കായുള്ള അജപാലന ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയാണ് ഈ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. വൈദികൻ രോഗീലേപനം നല്‍കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നുവെന്ന് ചിന്തിച്ചാൽ അതിനർത്ഥം പ്രത്യാശ കൈവെടിയുക എന്നാണെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല എന്ന് വ്യക്തമാക്കപ്പെടേണ്ടത് സുപ്രധാനമാണ്. രോഗീലേപനകൂദാശാ പരികർമ്മത്തിനായി പുരോഹിതൻ ഒരു വ്യക്തിയെ സമീപിക്കുന്നത്, ആ വ്യക്തിയെ ജീവിതത്തോട് വിട പറയാൻ സഹായിക്കനാണെന്നു ചിന്തിച്ചാൽ അതിനർത്ഥം എല്ലാ പ്രതീക്ഷകളും വെടിയുക എന്നാണ്. വൈദികനു പിന്നാലെ അന്ത്യകർമ്മനിർവ്വഹാകനെത്തുമെന്ന ചിന്തയാണിത്. രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്നാണെന്നും അത് ആത്മാവിനെ സുഖപ്പെടുത്തുന്നുവെന്നും നാം ഓർത്തിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഒരാൾ രോഗിയാണെങ്കിൽ അയാൾക്ക് രോഗീലേപനം നൽകുന്നതും പ്രായാധിക്യത്തിലെത്തിയ വ്യക്തി ഈ കൂദാശ സ്വീകരിക്കുന്നതും ഒരുപോലെ പ്രാധാനപ്പെട്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അത് സ്വീകരിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും കർത്താവിൻറെ ശക്തി ലഭിക്കാനും കാരുണ്യത്തിൻറെയും പ്രത്യാശയുടെയും ദൃശ്യ അടയാളമായി അതു മാറാനും വേണ്ടി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

** ( ഈ വിഷയത്തില്‍ സഭാപ്രബോധനം ആവര്‍ത്തിച്ച് 'പ്രവാചകശബ്ദം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം താഴെ കൊടുക്കുന്നു; വായിക്കാം) ‍

രോഗീലേപനം ഭയക്കേണ്ട കൂദാശയല്ല..! ‍

More Archives >>

Page 1 of 978