News - 2024

അൽഫോൻസാമ്മ: ദിവ്യകാരുണ്യത്തെ പ്രണയിച്ചവൾ | വിശുദ്ധയോടൊപ്പം ഒരു പുണ്യയാത്ര | 03

സി. റെറ്റി FCC 03-07-2024 - Wednesday

"എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുർബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിനാഥൻ എന്റെ ഉള്ളിൽ ആഗതനാകുമ്പോഴെല്ലാം അവാജ്യമായ ആനന്ദം ഞാൻ അനുഭവിക്കുന്നു" - വിശുദ്ധ അൽഫോൻസ.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ 'സ്നേഹത്തിൻ്റെ കൂദാശ' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പഠിപ്പിക്കുന്നു: വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമാണ് വിശുദ്ധ കുർബാന. കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷേപവുമാണത്.

അൽഫോൻസാമ്മയ്ക്ക് ക്രിസ്താനുഭവം സിദ്ധിക്കുന്നതിന് സഹായിച്ച ഘടകങ്ങളിൽ പ്രധാനമായത് ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയാണ്.വിശുദ്ധ കുർബാനയുടെ മുമ്പിൽ ഏകാഗ്രതയോടെ ദൈവദൂതസമാനമായ മുഖകാന്തിയോടെ അൽഫോൻസാമ്മ നിൽക്കുന്ന കാഴ്ച എത്ര ഇമ്പകരമായിരുന്നുവെന്നോ!. ദിവ്യകാരുണ്യത്തിൽ നിന്ന് അവൾ ജീവനും ശക്തിയും പ്രാപിച്ചിരുന്നു. അൽഫോൻസാമ്മ വിശുദ്ധിയിൽ മുന്നേറുന്നത് അനുസരിച്ച് അവളുടെ ദിവ്യകാരുണ്യ സന്ദർശനങ്ങളും വർദ്ധിച്ചു വന്നിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക അവൾക്ക് അദമ്യമായ ആനന്ദം ഉളവാക്കുന്ന സംഗതിയായിരുന്നു.

വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരുന്നു അവരുടെ ജീവിതം, തന്റെ സന്യാസ ജീവിത മാതൃകയിലൂടെ പരിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ ഒരു ജീവിതമാണ് അവൾ നയിച്ചത്. രോഗശയ്യയിൽ ആയിരിക്കുമ്പോഴും വളരെ ആയാസപ്പെട്ട് മഠത്തിലെ വിശുദ്ധ കുർബാന അർപ്പണത്തിൽ അവൾ ആത്മാർത്ഥമായി പങ്കുകൊണ്ടിരുന്നു. അൽഫോൻസാമ്മയുടെ അവസ്ഥ കണ്ട് സഹതപിച്ചിരുന്ന സഹ സന്യാസിനിമാര്‍ ചാപ്പലിലേക്ക് വരാതിരിക്കാനുള്ള അനുവാദം വാങ്ങിക്കൊടുത്താലും തന്റെ ജീവന്റെ നിലനിൽപ്പിന്റെ ശക്തി കേന്ദ്രം വിശുദ്ധ കുർബാന ആണെന്ന് പറഞ്ഞ് മുഴുവൻ ശക്തിയും ഉപയോഗിച്ച് ബലിയർപ്പണത്തിന് എത്തുമായിരുന്നു.

ഒരുമിച്ചുള്ള ബലിയർപ്പണം അവൾക്ക് അനുഭൂതി പകർന്നിരുന്നു. മഠത്തിലെ അന്തേവാസികളെയെല്ലാം എല്ലാം ഒരേ കൂട്ടായ്മയിൽ ചേർത്തുനിർത്തുന്നതും അവർക്ക് ജീവകാരുണ്യമായി ഭവിക്കുന്നതും വിശുദ്ധ കുർബാന ആണെന്ന് അൽഫോൻസാമ്മ കരുതിയിരുന്നു.

ദിവ്യകാരുണ്യ നാഥന്റെ കൂടെ സമയം ചെലവാക്കുന്നതിന് വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹിച്ചിരുന്നു അവൾ പറഞ്ഞു: "സാധിക്കുന്നിടത്തോളം സമയം ഞാൻ വിശുദ്ധ കുർബാനയുടെ മുമ്പാകെ ചെലവാക്കും".

വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞ് അൽഫോൻസാമ്മ സ്വയം മറന്നു കർത്താവിൽ ലയിച്ചു കഴിയുമായിരുന്നു. അപ്പോൾ ചുറ്റിലും സംഭവിക്കുന്നത് ഒന്നും അവൾ അറിയുകയില്ല. അൽഫോൻസാമ്മ വിശുദ്ധ കുർബാന സ്വീകരിച്ചിട്ട് നടന്നുവരുന്നത് കാണാൻ ചാപ്പലിൽ ചിലർ നോക്കിനിൽക്കുമായിരുന്നു. ഒരു മാലാഖ നടന്നുവരുന്നതാണ് എന്നേ തോന്നുകയുള്ളൂ എന്ന് പലരും പറഞ്ഞിരുന്നു.

ഈശോയോടുള്ള ഭക്തിയിൽ ഏറ്റവും ഉൽകൃഷ്ടവും ഹൃദയവർജ്ജകവുമായിട്ടുള്ളതു ദിവ്യകാരുണ്യത്തോടുള്ള ഭക്തി ആണല്ലോ ഈ ഭക്തി അൽഫോൻസാമ്മയിൽ ആഴത്തിൽ വേരുന്നിരുന്നു. അൽഫോൻസാമ്മയുടെ മാതൃക അനുകരിച്ച് വിശുദ്ധ കുർബാനയെ പ്രണയിക്കുന്നവരായി നമുക്കു മാറാം. സി. റെറ്റി FCC

More Archives >>

Page 1 of 978