News - 2024

പരസ്നേഹ പൂരിതയായ അൽഫോൻസാമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 07

സിസ്റ്റർ റെറ്റി FCC 07-07-2024 - Sunday

"ദൈവസ്നേഹം ഉണ്ടെങ്കിൽ പരസ്നേഹം ഉണ്ട് - പൂവും പൂമ്പൊടിയും എന്നപോലെ " വിശുദ്ധ അൽഫോൻസ.

ക്രിസ്തീയ ശിഷ്യത്വത്തിന്റെ മുഖമുദ്ര സ്നേഹമാണ്. "നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അതുമൂലം എല്ലാവരും അറിയും "(Jn:13/35). ഓശാന പാടിയവരെയും, ക്രൂശിക്കുക എന്ന് ആക്രോശിച്ചവരെയും ഒരുപോലെ സ്നേഹിച്ച സ്നേഹം. വഞ്ചനയുടെ ചുംബനത്താൽ ഒറ്റിക്കൊടുത്തവനേയും ബലഹീനതയിൽ തള്ളിപ്പറഞ്ഞവനെയും ഒന്നുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞ സ്നേഹം. മുഖം തുടച്ചവളെയും മുഖത്തടിച്ചവനെയും കരുണകൊണ്ട് പൊതിഞ്ഞ സ്നേഹം. സ്നേഹിതർക്ക് വേണ്ടി ജീവൻ പോലും അർപ്പിക്കുന്നതാണ് തന്റെ സ്നേഹം എന്ന് യേശു പഠിപ്പിച്ചു (Jn:15/13).

സ്നേഹത്തേക്കാൾ വലിയ കൽപ്പന ഒന്നുമില്ല. എല്ലാ യാഗങ്ങളെയും ദഹന ബലികളെയുംകാൾ മഹനീയമാണ് പരസ്നേഹം. നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും അവിടുത്തെ സ്നേഹം നമ്മിൽ പൂർണ്ണമാകും നമ്മൾ ദൈവത്തിലും വസിക്കും(Jn:4/7-15) സ്വർഗ്ഗസ്ഥനായ പിതാവിനെ പോലെ നാം പരിപൂർണരാവുകയും ചെയ്യും( Mt:5/48). വിശുദ്ധ ഫ്രാൻസിസ് തന്റെ ശിഷ്യരോട് പറഞ്ഞു :"മറ്റുള്ളവരെ തങ്ങളെക്കാൾ വലിയവരായി ഓരോരുത്തരും കരുതി ആദരിച്ചു സ്നേഹിച്ചു ശുശ്രൂഷിക്കുന്ന ഒരു ജീവിതമാണ് ഫ്രാൻസിസ്കൻ സമൂഹജീവിതം. അപരനുവേണ്ടി സ്വയം ഇല്ലായ്മയാകുന്ന സ്നേഹം പരിശീലിക്കണം തങ്ങളുടെ പരസ്നേഹം പ്രവർത്തികളിലൂടെ പ്രകാശിപ്പിക്കണം" വിശുദ്ധ ക്ലാര തന്റെ നിയമാവലിയിൽ പറഞ്ഞു: "പരിപൂർണ്ണ സ്നേഹത്തിന്റെ ശൃംഖലയായ അന്യോന്യ സ്നേഹത്തിന്റെ കൂട്ടായ്മ നിലനിർത്തുന്നതിന് സഹോദരിമാർ സദാ തീഷ്ണമതികൾ ആയിരിക്കട്ടെ." വിശുദ്ധ ഫ്രാൻസിസിൻ്റെ ശിഷ്യയും

വിശുദ്ധ ക്ലാരയുടെ ആത്മീയ മകളും ആയ അൽഫോൻസാമ്മയുടെ ശക്തി സ്നേഹമായിരുന്നു.

36 കൊല്ലം ഈശോ സ്നേഹിച്ചതും ഈശോയെ സ്നേഹിച്ചതായിരുന്നു അൽഫോൻസാമ്മയുടെ ശക്തി. വിശുദ്ധ പൗലോസ് പറയുന്നതുപോലെ സ്നേഹത്തിന്റെ പിന്നാലെ കൂടുകയായിരുന്നു അവൾ. അവിരാമവുമായിരുന്നു ആ ഓട്ടം. അൽഫോൻസാമ്മയുടെ ജീവിതത്തെ മധുരവും സൗമ്യവും ദീപ്തവും ആക്കിയത് ഈ സ്നേഹം ആയിരുന്നു. അൽഫോൻസാമ്മയിൽ ചെറുപ്പം മുതലേ പരസ്നേഹം തിളങ്ങിനിന്നു. സ്കൂളിൽ പോകുംവഴി തന്നെ ചേറ്റിൽ തള്ളിയിട്ട ചെറുക്കനെ പറ്റി ഹെഡ്മാസ്റ്ററോട് പറഞ്ഞ് തല്ലുകൊള്ളിക്കരുതെന്ന് കൂട്ടുകാരിയോട് പറഞ്ഞു യാചിച്ച നിഷ്കളങ്ക ബാലിക.

അന്നക്കുട്ടി സമ്പന്ന കുടുംബത്തിലെ ഒരു അംഗമായിരുന്നുവെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ദരിദ്രരായ കുട്ടികളോട് കൂടുതൽ സ്നേഹവും കരുണയും കാണിച്ചിരുന്നു. പാവങ്ങളായ കുട്ടികൾക്ക് അവർക്കില്ലാത്ത വസ്തുക്കൾ കൊടുത്ത സഹായിച്ചു. ഭക്ഷണസാധനങ്ങൾ പോലും കൊടുക്കുക പതിവായിരുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തിന് കൂട്ടുകാരുമൊത്തിരിക്കുമ്പോൾ കൂട്ടുകാരുടെ ചമ്മന്തിയും മുളക് പൊടിച്ചതുമൊക്കെ അന്നക്കുട്ടി സ്വീകരിച്ച് തന്റെ നല്ല കറികൾ കൂട്ടുകാർക്ക് കൊടുക്കുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. പ്രായത്തിൽ വളർന്നതോടൊപ്പം പര സ്നേഹത്തിലും അന്നക്കുട്ടി വളർന്നു സന്യാസിനിയായപ്പോൾ സ്നേഹത്തിന്റെ വിശുദ്ധിയായി തീർന്നു അവൾ.

അൽഫോൻസാമ്മ മുഴുവൻ സ്നേഹമാണ് എന്ന് മറ്റുള്ളവർ അവളെപ്പറ്റി പറഞ്ഞിരുന്നു സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു അസാധാരണ പുണ്യകന്യകയായിരുന്നു അൽഫോൻസാമ്മ. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മർ ജോസഫ് പവ്വത്തിൽ പറഞ്ഞു: "പര സ്നേഹം ത്യാഗവും സഹനവും ആവശ്യപ്പെടും. എങ്കിലേ അത് ആത്മാർത്ഥത ഉള്ളതാകു. അൽഫോൻസാമ്മയുടേത് അത്തരം പരസ്നേഹം ആയിരുന്നു ". അൽഫോൻസാമ്മ ഒരു സ്നേഹപുഷ്പമാണ്. സ്വയം പരിത്യജിച്ച് അവൾ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ബഹുമാനപ്പെട്ട മാവുരസമ്മ പറയുന്നു- അൽഫോൻസാമ്മയുടെ പരസ്യ സ്നേഹത്തെപ്പറ്റി പറയുവാൻ വാക്കുകളില്ല:അത് ആധ്യാത്മികത നെയ്തെടുത്തിരിക്കുന്ന സ്വർണ്ണ നൂല് തന്നെയാണ്.

അൽഫോൻസാമ്മ തൻ്റെ ആധ്യാത്മികത നെയ്തെടുത്ത പരസ്നേഹം നമ്മുടെയും ജീവിത ശൈലിയുടെ ഭാഗമാക്കാം.

More Archives >>

Page 1 of 978