News - 2024

മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാന പേര്: വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘർ

പ്രവാചകശബ്ദം 06-07-2024 - Saturday

വത്തിക്കാന്‍ സിറ്റി: മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാന പേരാണെന്നു വത്തിക്കാന്‍ വിദേശകാര്യമന്ത്രിയും സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍. ഫിലിപ്പീന്‍സിലെ മെത്രാൻ സമിതി സമ്മേളനത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നൽകുകയായിരിന്നു അദ്ദേഹം. സഭയിൽ വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അത് സേവനത്തിനുള്ള സ്ഥാനപ്പേരാണ്. ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല. മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. വൈദികര്‍ക്കും, ആളുകൾക്കും മെത്രാന്മാരിലെ സേവന ചൈതന്യം കാണാനും, അനുഭവിക്കാനും കഴിയുമ്പോൾ മാത്രമാണ് നമ്മിൽ അവർ വിശ്വാസമർപ്പിക്കുന്നതിനും നയിക്കാൻ തങ്ങളെ തന്നെ അനുവദിക്കുവാനും തുടങ്ങുക. സേവക നേതൃത്വത്തിന്റെ അർത്ഥം - അനീതിയുടെയും തിന്മയുടെയും മുമ്പിൽ ഭീരുക്കളോ നിശബ്ദരോ പങ്കാളികളോ ആയിത്തീരാൻ നാം വിളിക്കപ്പെടുന്നു എന്നല്ല.

മെത്രാന്മാർ എന്ന നിലയിൽ, സേവക നേതാക്കളെന്ന നിലയിൽ, ഈ ലോകത്തിലെ ബാഹ്യ ശക്തികളുടെ അധികാരത്തെ എതിർക്കാൻ നാം നമ്മുടെ ധാർമ്മിക അധികാരം ഉപയോഗിക്കേണ്ടതുണ്ട്. സ്ഥിരവും, ക്ഷമാപൂർവകവുമായ സാക്ഷ്യത്തിലൂടെയാണ് മെത്രാന്മാർ എന്ന നിലയിലുള്ള നമ്മുടെ ധാർമ്മിക അധികാരം പ്രകടമാക്കേണ്ടതെന്നും, ഇതിനു സഹായമാകുന്നത് കർത്താവിന്റെ അനുഗ്രഹമാണെന്നും ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍ ഊന്നിപ്പറഞ്ഞു. മനിലയിലെ ബുക്കിഡ്‌നോണിലെ ആശ്രമത്തിലെ ദേവാലയത്തിലാണ് ജൂലൈ നാലാം തീയതി രാജ്യത്തെ മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ കുർബാനയർപ്പണം നടന്നത്. ജൂലൈ 1-ന് ആരംഭിച്ച ആര്‍ച്ച് ബിഷപ്പിന്റെ ഫിലിപ്പീന്‍സ് പര്യടനം ഇന്നു ശനിയാഴ്‌ച സമാപിക്കും.

More Archives >>

Page 1 of 979