News

ഇന്ത്യയിലെ മതപീഡനത്തില്‍ ഇടപെടണം: യു‌എസ് ക്രൈസ്തവ നേതാക്കള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്തയച്ചു

പ്രവാചകശബ്ദം 06-08-2024 - Tuesday

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന മതപീഡനത്തില്‍ ഇടപെടണമെന്നു അഭ്യര്‍ത്ഥിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്ത് അയച്ച് മുന്നൂറോളം യു‌എസ് ക്രൈസ്തവ നേതാക്കള്‍. ഫെഡറേഷൻ ഓഫ് ഇന്ത്യൻ - അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ കീഴില്‍ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ "പ്രത്യേക പരിഗണനയുള്ള രാജ്യമായി" അഥവാ 'സിപിസി' ആയി പ്രഖ്യാപിക്കാൻ സെക്രട്ടറി ആൻ്റണി ബ്ലിങ്കനോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ഡെട്രോയിറ്റ് കാത്തലിക്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈന്ദവ മേൽക്കോയ്മ മുന്‍ നിര്‍ത്തിയുള്ള നയങ്ങൾക്കു മുന്നിൽ, ഇന്ത്യൻ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം പിന്തുടരാൻ പാടുപെടുമ്പോൾ, മത ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യൻ ഭരണകൂടത്തോടുള്ള യുഎസ് ആരാധനയാൽ കുഴിച്ചു മൂടപ്പെടുകയാണെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ - അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫിയക്കോണ) എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ ക്രിസ്റ്റി പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടലാണ് സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ആർച്ച് ബിഷപ്പുമാരും ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോയ് ആലപ്പാട്ട് ഉള്‍പ്പെടെ 18 ബിഷപ്പുമാരും 167 വൈദികരും ക്രൈസ്തവ കൂട്ടായ്മകളുടെ അധ്യക്ഷന്മാരും നാല്‍പ്പതിലധികം ക്രിസ്ത്യൻ സംഘടനകളിൽ നിന്നുള്ള നേതാക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

വർഷങ്ങളായി, ഇന്ത്യയിലെ ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ അക്രമാസക്തമായ പീഡനത്തിൻ്റെ സമ്മർദ്ധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ഫിയാക്കോണ ബോർഡ് അംഗവും ദക്ഷിണേഷ്യൻ കാര്യങ്ങളുടെ വിശകലനത്തിൽ വൈദഗ്ധ്യമുള്ള പത്രപ്രവർത്തകനുമായ പീറ്റർ ഫ്രീഡ്രിക്ക് ചൂണ്ടിക്കാണിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.



More Archives >>

Page 1 of 992