News
ജപമാല ടീം പാതയൊരുക്കി: 40 വര്‍ഷത്തിന് ശേഷം എണ്‍പതാം വയസ്സില്‍ ഡാൻ ക്രിസ്തുവിന് പിന്നാലെ
പ്രവാചകശബ്ദം 10-10-2024 - Thursday
ഹെലേന: നാലു പതിറ്റാണ്ടായി ദൈവവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞ അമേരിക്കന്‍ സ്വദേശി ഡാൻ കമ്മിംഗ്‌സിൻ്റെ ജീവിതം ഇന്ന്‍ ക്രിസ്തുവിനോട് ഒപ്പം. അമേരിക്കയിലെ മൊണ്ടാനയിലെ എന്നിസിൽ നിന്നുള്ള സ്വദേശിയാണ് ഡാൻ. കഴിഞ്ഞ 40 വർഷത്തിലേറെയായി ദേവാലയത്തില്‍ നിന്നു അകന്ന ജീവിതമാണ് ഡാൻ നയിച്ചിരിന്നത്. ജപമാല കൂട്ടായ്മ ഇദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിയ്ക്കുകയായിരിന്നു. നാഷ്ണല്‍ കാത്തലിക് രജിസ്റ്ററാണ് ഇക്കഴിഞ്ഞ ദിവസം ഈ വയോധികന്‍റെ ജീവിത നവീകരണത്തിന്റെ കഥ പങ്കുവെച്ചത്. വൃദ്ധസദനങ്ങളിൽ മുതിർന്നവരോടൊപ്പം പ്രാർത്ഥിക്കുന്ന സന്നദ്ധപ്രവർത്തകരായ 'റോസറി ടീമി'ന്റെ ഇടപെടലാണ് അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിച്ചത്.
തൻ്റെ നഴ്‌സിംഗ് ഹോമിൽ വന്നുചേര്‍ന്ന ജപമാല പ്രാർത്ഥനാ സംഘത്തെ ഡാൻ ആദ്യമായി കണ്ടപ്പോൾ, ചേരാൻ മടിച്ചിരിന്നു. എന്നാല്‍ ഡാൻ കമ്മിംഗ്‌സിൻ്റെ എതിര്‍പ്പും താത്പര്യ കുറവും റോസറി ടീമിനെ പിന്തിരിപ്പിക്കാന്‍ തയാറായിരിന്നില്ല. കാരണം ഇത്തരത്തില്‍ കഴിയുന്ന അനേകരെ മരിയ വണക്കത്തിലൂടെ യേശുവിലേക്ക് നയിച്ച കൂട്ടായ്മയാണ് റോസറി ടീം. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടെ കൂദാശകളുടെ പ്രാധാന്യം അവര്‍ പറഞ്ഞു മനസിലാക്കാന്‍ തുടര്‍ പരിശ്രമം നടത്തി. ദൈവം അവനെ സ്നേഹിക്കുന്നുവെന്നും അവിടുത്തെ കരുണ അനന്തമാണെന്നും അവർ ഉറപ്പുനൽകി.
ജപമാല ടീമിന്റെ ഇടപെടലുകള്‍ പതിയെ ഫലം കാണുകയായിരിന്നു. വോളണ്ടിയർമാരുടെ അർപ്പണബോധവും അവരുടെ പിന്തുണയും കണ്ട ഡാൻ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള വൈദികനായ ഫാ. ജോൺ ക്രച്ച്ഫീൽഡിനെ കാണുവാന്‍ തീരുമാനിച്ചു. നാലു പതിറ്റാണ്ടിന് ശേഷം വിശ്വാസ ജീവിതത്തിലേക്ക് അദ്ദേഹം പതിയെ മടങ്ങി തുടങ്ങി. പ്രാർത്ഥനകളിലേക്കും കൂദാശകളിലേക്കുമുള്ള ഡാൻ കമ്മിംഗ്‌സിൻ്റെ മടങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ മനസ്സിനെ പൂര്‍ണ്ണമായി മാറ്റിമറിച്ചു. “ഞാൻ ഇപ്പോൾ സമാധാനത്തിലാണ്, കൂടുതൽ സന്തോഷവാനാണ്” - അദ്ദേഹം പറയുന്നു.
“ഇത് ജീവിതത്തെക്കുറിച്ചുള്ള എൻ്റെ മുഴുവൻ വീക്ഷണത്തെയും മാറ്റിമറിച്ചു! എനിക്ക് 80 വയസ്സായി, അതിനുമുമ്പ്, ഞാൻ കാത്തിരുന്നത് ശ്വാസം നിലയ്ക്കാൻ മാത്രമായിരുന്നു. ഇപ്പോൾ എനിക്ക് സമാധാനമായി. എനിക്ക് ശരിക്കും അത് വിശദീകരിക്കാൻ കഴിയില്ല. ഒരു നഴ്‌സിംഗ് ഹോമിൽ താമസിക്കുമ്പോള്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ജപമാല ചൊല്ലുന്നത് എനിക്ക് എത്ര നല്ല അനുഭവമാണെന്നും സന്നദ്ധപ്രവർത്തകർ അതിനെ എത്രമാത്രം സ്വാഗതം ചെയ്യുന്നുവെന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല”- അവർ പറഞ്ഞു.
യേശുവിലേക്ക് കമ്മിംഗ്‌സിൻ്റെ തിരിച്ചുവരവിന്റെ ആഹ്ളാദത്തിലാണ് റോസറി ടീം. ഈ മാറ്റം വലിയ സന്തോഷമാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് റോസറി ടീം വോളണ്ടിയർ ക്രിസ് ഫാനെല്ലി പറയുന്നു.
സുവിശേഷവൽക്കരണത്തിലും വിശ്വാസ പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ തെരേസ റോഡ്രിഗസാണ് റോസറി ടീമിൻ്റെ സ്ഥാപക. ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളില്‍ നേഴ്സിംഗ് ഹോമുകളില്‍ ക്രിസ്തുവിൻ്റെ സ്‌നേഹം പങ്കിടാന്‍ വോളൻ്റിയർമാർ വൃദ്ധസദനങ്ങളിലെത്തി പ്രായമായവരോടൊപ്പം ജപമാല ചൊല്ലുന്ന ഈ കൂട്ടായ്മ അഞ്ചു വര്‍ഷം കൊണ്ട് അനേകരുടെ ജീവിതങ്ങളില്‍ വലിയ സാന്ത്വനമായി മാറിയിട്ടുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟