News

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 11-10-2024 - Friday

ഒക്ടോബർ 11 വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്.

"1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തിഎഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്.ഇപ്പോഴും ഞാൻ ഇവിടെയുണ്ട്... ലോകത്തിൻ്റെ മുഴുവനും വേണ്ടി നടപ്പിലാക്കാൻ ഒരു വലിയ പ്രവർത്തന പരിപാടി എൻ്റെ മുമ്പിലുണ്ട് എല്ലാവരും അത് കാത്തിരിക്കുകയാണ്, എന്നെ സംബന്ധിച്ചടത്തോളം ടൂറിനിലെ വിശുദ്ധ മാർട്ടിനെപ്പോലെ മരിക്കാൻ ഭയപ്പെടുകയോ ജീവിക്കാൻ വിസമ്മതിക്കുകയോ ചെയ്തിട്ടില്ല."

മാർപാപ്പയായി ഉത്തരവാദിത്വം ഏറ്റെടുത്തതിനു മൂന്നു വർഷങ്ങൾക്കു ശേഷം ജോൺ ഇരുപത്തിമൂന്നാം പാപ്പ തൻ്റെ ധ്യാന ഡയറിയിൽ എഴുതിയതാണീ വാക്കുകൾ.

രണ്ടാം വത്തിക്കാൻ കൗൺസിലായിരുന്നു ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ പരിപാടിയുടെ കേന്ദ്ര ബിന്ദു. പതനാറാം നൂറ്റാണ്ടിലെ തെന്ത്രോസ് സൂനഹദോസിനു ശേഷം (The Council of Trent 1545- 1563) കത്തോലിക്കാ സഭയുടെ വാതായനങ്ങൾ ലോകത്തിനായി തുറന്നു കൊടുക്കാനായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ വിളിച്ചു ചേർത്തത് ജോൺ മാർപാപ്പയാണ്. ആ നല്ല പാപ്പയുടെ ചില ജീവിത പാഠങ്ങൾ

1. ദരിദ്രനായി ജനിച്ചതില്‍ അഭിമാനിച്ച പാപ്പ ‍

1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം. റോങ്കാലികുടുംബത്തിലെ പതിമൂന്നു കുട്ടികളിൽ മൂന്നാമനായിട്ടായിരുന്നു ആഞ്ചലോയുടെ ജനനം. പതിനൊന്നാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ വിട്ടിൽ നിന്നിറങ്ങിയ ജോൺ മാർപാപ്പയായ ശേഷവും താനോ തൻ്റെ കുടുംബമോ അതിൻ്റെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു. അദ്ദേഹം തൻ്റെ വിൽപത്രത്തിലെഴുതി: "ദരിദ്രനായി ഞാൻ ജനിച്ചു. ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്".

"എന്റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു. സ്ഥാനമാനങ്ങളോ, പണമോ ആനുകൂല്യങ്ങളോ എനിക്കോ, എൻ്റെ ബന്ധുജനങ്ങൾക്കോ, സുഹൃത്തുക്കൾക്കോ വേണ്ടി ഒരിക്കലും ചോദിക്കരുത് എന്ന എൻ്റെ തീരുമാനത്തെ ശക്തിപ്പെടുത്തിയത് ദാരിദ്രത്തിൻ്റെ ഈ കൃപയാണ്." 1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ il Papa Buono (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്.

തൻ്റെ സ്വകാര്യ സ്വത്ത് തൻ്റെ അവശേഷിക്കുന്ന കുടുബാംഗങ്ങൾക്കായി വീതിച്ചു കൊടുക്കാൻ വിൽപത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. അതിൽ പ്രകാരം ഓരോരുത്തർക്കും ലഭിച്ചത് 20 ഡോളറിൽ കുറവായ സഖ്യയാണ്.

2. യഹൂദ ജനത്തിനു പ്രിയങ്കരനായ പാപ്പ ‍

ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലെയിനായി സേവനം അനുഷ്ഠിച്ച റോങ്കാലി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സമയത്തു തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ നയതന്ത്രാലയത്തിൻ്റെ തലവനാ ജോലി ചെയ്തു.ഈ സമയത്തു ഹോളോകോസ്റ്റിൽ നിന്നു പലായനം ചെയ്ത നിരവധി യഹൂദരെ ജർമ്മൻ നാസി പടയാളികളിൽ നിന്നു രക്ഷിക്കാൻ ട്രാൻസിറ്റ് വിസകളും മറ്റു സുപ്രധാന രേഖകളും നൽകി അവരെ യുറോപ്പിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി.

അദേഹത്തിൻ്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമായി ഇന്റർനാഷണൽ റൗൾ വാലൻബെർഗ് ഫൗണ്ടേഷൻ (The International Raoul Wallenberg Foundation -IRWF) എന്ന സംഘടന യാദ് വാഷെമിൽ ( Yad Vashem ) ജോൺ ഇരുപത്തിമൂന്നാമനെ ജനതകൾക്കിടയിലെ നീതിമാനായി (Righteous among Nations ) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. (ഹോളോകോസ്റ്റ് രക്ഷാപ്രവർത്തകരെപ്പറ്റി ഗവേഷണം നടത്തുക്കും അവരുടെ അംഗീകാരത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു സർക്കാരിതര സംഘടനയാണ് (NGO ) ആണ് IRWF.

ഹോളോകോസ്റ്റിലെ ഇരകൾക്കുള്ള ഇസ്രായേലിന്റെ ഔദ്യോഗിക സ്മാരകമായ വാഷെമിൽ (Yad Vashem) ഹോളോകോസ്റ്റിൽ മരിച്ചവരുടെ ഓർമ്മ നിലനിർത്തുന്നതിനും നാസി പീഡകർക്കെതിരെ പോരാടിയ യഹൂദന്മാരെയും അതിനായി യഹൂദന്മാരെ നിസ്വാർത്ഥമായി സഹായിച്ച വിജാതീയരെയും ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്മാരകമാണ് യാദ് വാഷെം)

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയായി ഇരുന്ന കാലത്ത്, കത്തോലിക്ക സഭയും മറ്റ് മതങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അക്ഷീണം പ്രയ്തനിച്ചു. അത്തരത്തിതിലൊന്നാണ് ലത്തീൻ ആരാധനക്രമത്തിലെ പരമ്പരാഗതമായ ദുഃഖ വെള്ളി പ്രാർത്ഥനയിൽ യഹൂദരുടെ മാനസാന്തരത്തിനായുള്ള കാറോസോയിൽ നിന്നു വിശ്വാസ വഞ്ചകരായ യഹൂദർ (perfidious Jews) എന്ന വാചകം 1960-ൽ നീക്കം ചെയ്തത്.

3. ആദ്യത്തെ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ കർദ്ദിനാൾ ആഞ്ചലോ ഗ്യൂസപ്പേ റൊങ്കാലി ആയിരുന്നില്ല ‍

പതിനാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും പതിനഞ്ചാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലും (1378- 1418) റോമൻ കത്തോലിക്കാ സഭയിൽ പാശ്ചാത്യ ശീശ്മ ഉണ്ടായിരുന്ന സമയത്തു കർദ്ദിനാൾ ബാൽദസാരെ കോസയേ മാർപാപ്പയായി 1410 ൽ ഒരു വിഭാഗം കർദിനാൾ മാർ തിരഞ്ഞെടുത്തു അദ്ദേഹം ജോൺ ഇരുപത്തി മൂന്നാമൻ എന്ന നാമം സ്വീകരിച്ചു.

എതിർ വിഭാഗം വേറെ മാർപാപ്പയെ തിരഞ്ഞെടുത്തു. സഭയിൽ വിഭജനം ഒഴിവാക്കാനായി ഗ്രിഗറി പന്ത്രണ്ടാമനും ബെനഡിക്റ്റ് പതിമൂന്നാമനുമൊപ്പം ജോൺ ഇരുപത്തി മൂന്നാമനും രാജിവച്ചു. സഭാ പാരമ്പര്യത്തിൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയെ മാത്രമേ ആ കാലഘട്ടത്തിലെ ഒരേയൊരു യഥാർത്ഥ മാർപാപ്പയായി കണക്കാക്കുന്നുള്ളു. ബെനഡിക്റ്റ് പതിമൂന്നാമൻ്റെയും , ജോൺ ഇരുപത്തിമൂന്നാമൻ്റെയും പേരുകൾ "ആന്റി പോപ്പുകളുടെ" ഗണത്തിലാണ്. അതിനാലാണ് 1958 ൽ ആഞ്ചലോ ഗ്യൂസപ്പേ റൊങ്കാലി മാർപാപ്പയായപ്പോൾ ജോൺ XXIII എന്ന പേരു സ്വീകരിച്ചത്.

4. നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട മാർപാപ്പ ‍

1961 മെയ് മാസത്തിൽ പ്രസദ്ധീകരിച്ച മാതാവും ഗുരുനാഥയും ( Mater et Magistra) 1963 ഏപ്രിലിൽ പുറത്തിറക്കിയ ഭൂമിയിൽ സമാധാനം ( Pacem in Terris ) എന്നി ചാക്രിക ലേഖനങ്ങൾ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പേപ്പസിയുടെ രണ്ട് നാഴികക്കല്ലുകൾ ആണ്.

ചില യഥാസ്ഥികരായ കത്തോലിക്കരെ അല്പം അലോസരപ്പെടുത്തിയ മാതാവും ഗുരുനാഥയും എന്ന ചാക്രിക ലേഖനം, കത്തോലിക്കാ സഭയുടെ സാമൂഹ്യ ദർശനങ്ങൾക്ക് ജോൺ ഇരുപത്തിമൂന്നാമൻ്റെ വലിയ സംഭാവനകളിൽ ഒന്നാണ്. തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമസ്ഥവകാശത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട ചാക്രിക ലേഖനം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ നഖശിഖാന്തം എതിർത്തു.

ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെ ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ ജോൺ XXIII മാർപാപ്പ വഹിച്ച പങ്ക് സുപ്രധാനമാണ്. 1962 ഒക്ടോബറിൽ യുഎസും റഷ്യയും ആണവയുദ്ധത്തിന്റെ വക്കിലെത്തിയപ്പോൾ, ജോൺ XXIII മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയോടും റഷ്യൻ നേതാവ് നികിത ക്രൂഷ്ചേവിനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.

പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ വത്തിക്കാൻ റേഡിയോയിലൂടെ മാർപാപ്പ പറഞ്ഞു: " മാനവരാശിയുടെ സമാധാനം, സമാധാനം എന്ന നിലവിളികൾക്കു നേരേ ചെവി അടയ്ക്കരുതെന്നു രാഷ്ട്ര തലവന്മാരോടു ഞാൻ അപേക്ഷിക്കുന്നു." മാർപാപ്പയുടെ പ്രസംഗത്തിന് ദിവസങ്ങൾക്ക് ശേഷം, ക്രൂഷ്ചേവ് ക്യൂബയിൽ നിന്ന് റഷ്യൻ മിസൈലുകൾ പിൻവലിക്കാൻ തുടങ്ങി. മാസങ്ങൾക്കുശേഷം, 1963 ഏപ്രിൽ മാസത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനം പുറത്തിറക്കി. എല്ലാ നല്ല മനുഷ്യരേയും അഭിസംബോധന ചെയ്തു കൊണ്ടിറക്കിയ ഈ ചാക്രിക ലേഖനം ഐക്യത്തോടും സാഹോദര്യത്തോടും കൂടി ലോകജനത ജീവിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തി.

5. അനുദിന ജീവിതത്തിനുള്ള പത്തു കല്‌പനകൾ ‍

ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പ ആദ്ധ്യാത്മിക ജീവിതത്തിൽ പ്രായോഗികതയുടെ വക്താവായിരുന്നു. അതിനായി അനുദിന ജീവിതത്തിലുള്ള പത്തു കല്പനകളാണ് (The Daily Decalogue of Pope John XXIII ) പാപ്പ നൽകിയിരിക്കുന്നത്. ഇന്നത്തേക്ക് മാത്രം ( Only for today ) എന്നാരംഭിക്കുന്ന ശൈലിയിലുള്ള ഈ പത്തു കല്പനകൾ അനുദിന ജീവിതത്തിൽ വിശുദ്ധിയിൽ വളരാൻ സഹായിക്കുന്ന കുറുക്കു വഴികളാണ്.

1. ഇന്നത്തേക്ക് മാത്രം, എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ആഗ്രഹിക്കാതെ ഞാൻ ദിവസത്തിലുടനീളം ഭാവാത്മമായി ജീവിക്കാൻ ശ്രമിക്കും.

2. ഇന്നത്തേക്ക് മാത്രം, എന്റെ ബാഹ്യ രൂപത്തെ ഞാൻ ഏറ്റവും ശ്രദ്ധിക്കും: ഞാൻ വിനയത്തോടെ വസ്ത്രം ധരിക്കും; ഞാൻ ശബ്ദം ഉയർത്തി സംസാരിക്കില്ല; എന്റെ പെരുമാറ്റത്തിൽ ഞാൻ മര്യാദ പാലിക്കും; ഞാൻ ആരെയും വിമർശിക്കുകയില്ല; ഇന്നേദിനം ഞാനൊഴികെ ആരെയും മെച്ചപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യുമെന്നു അവകാശപ്പെടില്ല.

3.ഇന്നത്തേക്കു മാത്രം, മറ്റേ ലോകത്തു മാത്രമല്ല, ഈ ലോകത്തും സന്തോഷവാനായിരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചതെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കും.

4. ഇന്നത്തേക്കു മാത്രം, എല്ലാ സാഹചര്യങ്ങളും എന്റെ സ്വന്തം ആഗ്രഹങ്ങളുമായി പൊരുത്തപ്പെട്ടില്ലങ്കിലും ഞാൻ ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും.

5. ഇന്നത്തേക്കു മാത്രം, ഞാൻ എന്റെ സമയത്തിൽ 10 ​​മിനിറ്റ് നല്ല വായനയ്ക്കായി നീക്കിവയ്ക്കും, ശരീരത്തിനു ജീവൻ നിലനിർത്താൻ ഭക്ഷണം ആവശ്യമുള്ളതുപോലെ ആത്മാവിനു ജീവൻ നിലർത്താൻ നല്ല വായനയും ആവശ്യമാണെന്ന് ഞാൻ ഓർമ്മിക്കും .

6. ഇന്നത്തേക്ക് മാത്രം, ഞാൻ ഒരു സൽകർമ്മം ചെയ്യും, അതിനെക്കുറിച്ച് ആരോടും പറയുകയില്ല.

7. ഇന്നത്തേക്ക് മാത്രം, എനിക്കു ചെയ്യാൻ ഇഷ്ടമില്ലാത്ത ഒരു കാര്യമെങ്കിലും ഞാൻ ചെയ്യും; എന്റെ വികാരങ്ങൾ വ്രണപ്പെട്ടാൽ, ആരും അതു ശ്രദ്ധിക്കുന്നില്ലെന്ന് ഞാൻ ഉറപ്പുവരുത്തും.

8. ഇന്നത്തേക്ക് മാത്രം, എനിക്കായി ഒരു പദ്ധതി ഞാൻ തയ്യാറാക്കും, അതു അക്ഷരാർത്ഥത്തിൽ പിന്തുടർന്നില്ലങ്കിലും ഞാനതു നേടിയെടുക്കും. ധൃതി, തീരുമാനമില്ലായ്‌മ എന്നി രണ്ട് തിന്മകൾക്കെതിരെ ഞാൻ പ്രത്യേക ജാഗ്രത പുലത്തും.

9. ഇന്നത്തേക്ക് മാത്രം,

ബാഹ്യരൂപത്തിൽ ശ്രദ്ധ വയ്ക്കാതെ ,

ലോകത്തിൽ മറ്റാരും നൽകാൻ കഴിയാത്ത ദൈവത്തിന്റെ പരിപാലനയിൽ ഞാൻ ഉറച്ചു വിശ്വസിക്കും.

10. ഇന്നത്തേക്ക് മാത്രം, ഞാൻ ഭയപ്പെടുകയില്ല, പ്രത്യേകിച്ച്, മനോഹരമായത് ആസ്വദിക്കാനും നന്മയിൽ വിശ്വസിക്കാനും ഞാൻ ഭയപ്പെടുകയില്ല.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1010