News - 2025

ആത്മഹത്യ: "കൊല്ലരുത്" എന്ന പ്രമാണത്തിന് എതിരായിട്ടുള്ള പാപം

പ്രവാചകശബ്ദം 13-03-2025 - Thursday

ഒരു ആത്മഹത്യ നടക്കുമ്പോൾ, അത് തെറ്റാണെന്നും ജീവിതം ജീവിക്കാനുള്ളതാണെന്നും പറയുന്നതിനു പകരം അതിന്റെ പിന്നിലെ കാരണക്കാരെ പോലീസ് കാണ്ടെത്തുന്നതിന് മുൻപേ മാധ്യമ വിചാരണ ചെയ്‌ത്‌ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അതിന്റെ പ്രതിപട്ടികയിൽ ചേർക്കാൻ ചില യൂട്യൂബർമാറും വ്യക്തികളും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ രാജ്യത്തെ പോലീസും നീതിന്യായ വ്യവസ്ഥകകളും നിയന്ത്രിക്കേണ്ടതുണ്ട്.

രണ്ടാഴ്ച മുൻപ് കേരളത്തിൽ ഒരു അമ്മയും രണ്ടു മക്കളും ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തിരുന്നു. ചില യൂട്യൂബ് ചാനലുകൾ അതിനെ "ധീരമായ മരണം" എന്നുപോലും വിശേഷിപ്പിച്ചുകൊണ്ടാണ് മാധ്യമ വിചാരണകൾ നടത്തിയത്. അനേകരാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്‌തത്‌. ഇത്തരം പോസ്റ്റുകൾ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നവയാണോ എന്ന് രാജ്യത്തെ സാമൂഹ്യ, നിയമ സംവിധാനങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്. കാരണം ആ മരണത്തിന്റെ വേദന നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആലപ്പുഴയിൽ ഒരു അമ്മയും മകളും ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കുന്നു.

ആത്മഹത്യയെ നാം ഒരിക്കലും മഹത്വവത്കരിക്കരുത്. ആത്മഹത്യ എന്നത് "കൊല്ലരുത്" എന്ന അഞ്ചാം പ്രമാണത്തിന് എതിരായിട്ടുള്ള തെറ്റാണ്. "തനിക്ക് ജീവൻ നൽകിയ ദൈവത്തോട് ഓരോരുത്തനും അതിന് ഉത്തരവാദിയാണ്. അവിടുന്നാണ് ജീവന്റെ പരമാധികാരി. അവിടുത്തെ മഹത്വത്തിനും നമ്മുടെ ആത്മാക്കളുടെ രക്ഷക്കുമായി ജീവനെ നന്ദിയോടെ സ്വീകരിച്ചു സംരക്ഷിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജീവന്റെ സൂക്ഷിപ്പുകാരാണ് നാം, ഉടമസ്ഥരല്ല. അത് കൈവിടാൻ പാടില്ല" (CCC 2280).

അതിനാൽ നമ്മുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജീവന്റെ മഹത്വം പ്രഘോഷിക്കുന്നവയും ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടുനയിക്കുവാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവയും ആയിരിക്കട്ടെ. ദാരിദ്ര്യത്തിലൂടെയും പട്ടിണിയുടെയും കടന്നുപോയ നമ്മുടെ പൂർവ്വികർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ ജീവിച്ചതുകൊണ്ടാണ് ഇന്നു നമ്മൾ അനുഭവിക്കുന്ന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായത് എന്ന യാഥാർഥ്യം നാം വിസ്മരിച്ചുകൂടാ.

More Archives >>

Page 1 of 1061