News

വിശുദ്ധ കുര്‍ബാന ബലമേകി; ഇംഗ്ലീഷിലും മലയാളത്തിലും ബൈബിള്‍ കൈയെഴുത്തു പ്രതിയുമായി യു‌കെ മലയാളി

പ്രവാചകശബ്ദം 23-03-2025 - Sunday

ഇംഗ്ലീഷിലും മലയാളത്തിലും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തീര്‍ത്തുക്കൊണ്ട് യു‌കെ മലയാളിയുടെ ദൈവവചനസാക്ഷ്യം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് ബ്രിട്ടണിലെ പ്രവാസ ജീവിതത്തിനിടെ ദൈവവചനത്തിന് സാക്ഷ്യം നല്‍കിക്കൊണ്ട് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിൻജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വിശുദ്ധ ജോണ്‍ മരിയ വിയാനി മിഷൻ അംഗമാണ് ഇദ്ദേഹം.

രണ്ടു പ്രാവശ്യം ബൈബിള്‍ എഴുതിയപ്പോഴും മുടക്കം കൂടാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരിന്നുവെന്നും വിശുദ്ധ ബലിയാണ് എഴുതാന്‍ ബലം നല്‍കിയതെന്നും മിഷന്‍ ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷി കൂടിയായ സൈമണ്‍ പങ്കുവെയ്ക്കുന്നു.

2018 സെപ്റ്റംബര്‍ 8നു അച്ചാച്ചന്റെ പിറന്നാള്‍ ദിനത്തിലാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആദ്യമായി മനസില്‍ രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ കൂടുതലായി വായിക്കാനും പഠിക്കാനും അങ്ങനെ പ്രാര്‍ത്ഥിക്കാനും സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഉദ്യമത്തിനു തുടക്കമിടുന്നത്. 2018 സെപ്റ്റംബർ 16 തീയതി മുതൽ 2019 ഏപ്രിൽ 2 വരെ കേവലം ഇരുനൂറു ദിവസം കൊണ്ട് മലയാളത്തിൽ ബൈബിൾ പകർത്തി പൂര്‍ത്തീകരിക്കുവാന്‍ സൈമണിന് കഴിഞ്ഞു. എട്ടുമണിക്കൂറോളം തുടര്‍ച്ചയായി ബൈബിള്‍ എഴുതിയ ദിവസങ്ങള്‍ ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മലയാളം ബൈബിള്‍ കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച വിശ്വാസ അനുഭവവും ആത്മസംതൃപ്തിയും ഇംഗ്ലീഷ് ബൈബിള്‍ എഴുതുവാന്‍ ഈ യു‌കെ‌ പ്രവാസിക്ക് പ്രചോദനമായി. 2024 ഓഗസ്റ്റ് 19 മുതലാണ് ഇംഗ്ലീഷ് ബൈബിള്‍ കൈപ്പടയില്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 212 ദിവസം കൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച്‌ 18) ഇംഗ്ലീഷിൽ ബൈബിൾ പൂര്‍ണ്ണമായി കൈപ്പടയില്‍ എഴുതി പകർത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ ഇന്നു 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്‍റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1064