News - 2025
'ജീവന്റെ സുവിശേഷം' ചാക്രിക ലേഖനം പുറത്തിറക്കിയിട്ട് മുപ്പതുവര്‍ഷം
പ്രവാചകശബ്ദം 26-03-2025 - Wednesday
വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവന്റെ മഹത്തായ മൂല്യത്തെ ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയ “എവഞ്ചേലിയും വീത്തെ” അഥവാ ജീവൻറെ സുവിശേഷം ചാക്രികലേഖനം പുറത്തിറക്കിയിട്ട് മുപ്പതുവര്‍ഷം. 1995 മാർച്ച് 25-നാണ് അന്ന് പരിശുദ്ധ സഭയെ നയിക്കുകയായിരിന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ “എവഞ്ചേലിയും വീത്തെ” പുറത്തിറക്കിയത്. ചാക്രികലേഖനത്തിൻറെ മുപ്പതാം വാർഷിക ദിനമായ മാർച്ച് 25-ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം "ജീവൻ എപ്പോഴും ഒരു നന്മയാണ്. മനുഷ്യജീവൻറെ അജപാലനത്തിനായുള്ള പ്രക്രിയയ്ക്ക് തുടക്കംകുറിക്കൽ" എന്ന ശീർഷകത്തിൽ ഒരു അജപാലന സഹായി പുറപ്പെടുവിച്ചു.
മാനവാന്തസ്സ് ഏറ്റവും ഗുരുതരമായി ലംഘിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അല്‍മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ (ഡിക്കാസ്റ്ററി) അദ്ധ്യക്ഷനായ കർദ്ദിനാൾ കെവിൻ ഫാരെൽ പ്രസ്താവിച്ചു. മനുഷ്യ ജീവന്റെ അജപാലന പരിപോഷണ പ്രക്രിയ എങ്ങനെ ആരംഭിക്കാം എന്നതിനു സഹായകമായ രേഖയുടെ ആമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്. നിരവധി നാടുകൾ യുദ്ധത്തിൻറെയും വിധങ്ങളായ ആക്രമണങ്ങളുടെയും പിടിയിലമർന്നിരിക്കുകയാണ്. മനുഷ്യ ജീവന്റെ യഥാർത്ഥമായ അജപാലനത്തിന് രൂപമേകേണ്ടത് അനിവാര്യമായിരിക്കുന്നു.
ഓരോ സ്ത്രീയുടെയും പുരുഷന്റെയും ജീവൻ എല്ലായ്പ്പോഴും ആദരിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. മെത്രാന്മാരും വൈദികരും സന്യാസീസന്യാസിനികളും അല്മായരും ഈ അജപാലന സഹായി, വായിക്കുകയും മനുഷ്യജീവൻറെ മൂല്യത്തെ ആദരിക്കുന്നതിന് പ്രവർത്തകരെയും പ്രബോധകരെയും മാതാപിതാക്കളെയും യുവ സമൂഹത്തെയും കുട്ടികളെയും ഉചിതമാംവിധം പരിശീലിപ്പിക്കാൻ കഴിയുന്ന മൗലികവും ഘടനാപരവുമായ അജപാലനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം വ്യക്തമാക്കി.