News - 2024
ധൈര്യത്തോടെയുള്ള സുവിശേഷവല്‍ക്കരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 25-10-2016 - Tuesday
വത്തിക്കാന്‍: വിശുദ്ധ പൗലോസ് ശ്ലീഹായെ മാതൃകയാക്കിക്കൊണ്ട് ധൈര്യത്തോടെയുള്ള സുവിശേഷവല്‍ക്കരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ. ലോകമിഷന്‍ സൺഡേ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജൂതന്‍മാരല്ലാത്ത സമൂഹവുമായുള്ള പൗലോസ് ശ്ലീഹായുടെ ഇടപെടലുകളില്‍ നിന്നും, വിജാതീയരോട് സുവിശേഷം അറിയിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് പൗലോസ് ശ്ലീഹാ സഭയ്ക്ക് കാണിച്ചുതരികയാണെന്നും മാർപാപ്പ പറഞ്ഞു.
"ഒരു കായിക മത്സരത്തില്‍ പങ്കെടുക്കുന്ന ഓട്ടക്കാരന്റെ മനോഭാവമാണ് സുവിശേഷവല്‍ക്കരണത്തില്‍ സഭയ്ക്കും ആവശ്യം. താന്‍ വിജയക്കില്ലെന്ന് അറിഞ്ഞാലും മത്സരത്തില്‍ നിന്നും കായികതാരങ്ങള്‍ പിന്‍മാറുകയില്ല. ലക്ഷ്യത്തിലേക്ക് നോക്കി അവര്‍ ഓടും. സഭയുടെ അജപാലനദൗത്യവും സുവിശേഷവല്‍ക്കരണവും നാം തുടര്‍ന്നുകൊണ്ടേ ഇരിക്കണം. ഇവിടെ വിജയവും പരാജയവും പ്രശ്‌നമല്ല. ദൈവത്തില്‍ നിന്നുള്ള കൃപയാണ് ആത്യന്തികമായി ഇതിലൂടെ നാം നേടിയെടുക്കുക". പാപ്പ വിശദമാക്കി.
ഇന്നത്തെ കാലഘട്ടം സുവിശേഷവല്‍ക്കരണത്തിന്റെയും നിര്‍ഭയത്വത്തിന്റെയുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "വിജയിക്കില്ലെങ്കിലും പോരാടുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. ആരേയും മതംമാറ്റുവാനല്ലെങ്കിലും സുവിശേഷം പ്രഘോഷിക്കുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. തര്‍ക്കങ്ങളും, വാദങ്ങളും നിറഞ്ഞ ലോകത്തില്‍ സുവിശേഷത്തെ വിളിച്ചുപറയുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്. ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന സന്ദേശത്തെ ലോകം മുഴുവനിലേക്കും എത്തിക്കുവാനുള്ള ധൈര്യം നമുക്ക് ആവശ്യമാണ്". പാപ്പ പറഞ്ഞു.
അവിശ്വാസികളുടെ എതിര്‍പ്പിനെ സഹിഷ്ണത കൊണ്ടു വേണം വിശ്വാസികള്‍ നേരിടുവാനെന്നും പാപ്പ പ്രത്യേകം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷത്തെ അനുദിന ജീവിതത്തില്‍ വഹിക്കുന്ന സാക്ഷ്യമുള്ളവരായി നാം മാറണമെന്ന ആഹ്വനത്തോടെയാണ് പാപ്പ തന്റെ മിഷന്‍ സൺഡേ പ്രസംഗം അവസാനിപ്പിച്ചത്.