News - 2024
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് പുതിയ ബില്‍
സ്വന്തം ലേഖകന്‍ 21-10-2016 - Friday
ലാഹോര്‍: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര ഏജന്‍സി ആരംഭിക്കുന്നതിനുള്ള ശുപാര്‍ശയാണ് ആദ്യത്തെ ബില്ലില്‍ നിര്‍ദേശിക്കുന്നത്.
'ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമം-2016' എന്നതാണ് രണ്ടാമത്തെ ബില്‍. പാക്കിസ്ഥാനില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പാര്‍ലമെന്റിന്റെ പുതിയ നടപടി. വിവിധ മതങ്ങളില്‍ നിന്നുള്ള 11 പേരടങ്ങുന്ന ഒരു സ്വതന്ത്ര കമ്മിറ്റിയാണ് ന്യൂനപക്ഷ കമ്മീഷന്‍.
മുസ്ലീം വിഭാഗത്തിലെ ഗോത്രവര്‍ഗങ്ങളില്‍ നിന്നുള്ളവരും ഈ കമ്മീഷനിലെ അംഗങ്ങളാകും. എല്ലാ വിഭാഗം ജനങ്ങളും തമ്മില്‍ ഐക്യത്തില്‍ ജീവിക്കുന്നതിനായി പ്രേരിപ്പിക്കുന്നതിനും, ഭൂരിപക്ഷങ്ങളുടെ ഇടയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് കമ്മീഷന്റെ ലക്ഷ്യം.
18 വയസുവരെ പ്രായമുള്ളവരെ കുട്ടികളായി കണക്കാക്കി മതം മാറുന്നതിന് അവര്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതാണ് രണ്ടാമത്തെ ബല്ലിലെ പ്രധാനപ്പെട്ട ശുപാര്‍ശ. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം മതംമാറ്റി ഇസ്ലാം മത വിഭാഗത്തിലേക്ക് ചേര്‍ക്കുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണ്.
ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഇത്തരത്തില്‍ മതം മാറ്റി വിവാഹം കഴിക്കുകയും, പിന്നീട് അടിമകളെ പോലെ ജോലി എടുപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്‍റ് മൌനം പാലിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു.
പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പുതിയ ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റും കത്തോലിക്ക വിശ്വാസിയുമായ പീറ്റര്‍ ജേക്കബ് പറഞ്ഞു. 2014-ല്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു നടപടി പാര്‍ലമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും പീറ്റര്‍ ജേക്കബ് പറഞ്ഞു. പുതിയ ബില്‍ ഉടന്‍ തന്നെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാനിലെ ന്യൂനപക്ഷം.