News - 2024

തീവ്രവാദികള്‍ ഒളിച്ചിരിക്കുവാന്‍ കയറിയ മുറിയിലകപ്പെട്ട എഴ് ഇറാഖി പെണ്‍കുട്ടികളും മാതാവിനോട് മാധ്യസ്ഥം തേടി, ചെറു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു

സ്വന്തം ലേഖകന്‍ 24-10-2016 - Monday

കിര്‍കുക്ക്: ഇറാഖി സേനയില്‍ നിന്നും രക്ഷ നേടുന്നതിനായി ഐഎസ് തീവ്രവാദികള്‍ പതിയിരുന്ന ഹോസ്റ്റലിലെ ഏഴു പെണ്‍കുട്ടികള്‍, തീവ്രവാദികളുടെ കണ്ണില്‍പെടാതെ അത്ഭുതകരമായി രക്ഷപെട്ടു. പരിശുദ്ധ അമ്മയാണ് തങ്ങളെ തീവ്രവാദികളുടെ കണ്ണില്‍പെടാതെ രക്ഷിച്ചതെന്നു രക്ഷപെട്ട പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിര്‍ക്കുകില്‍ അരങ്ങേറിയത്. ഫാദര്‍ റോണി മോമിക്കയാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയത്.

ഇറാഖി സൈന്യം ഐഎസ് തീവ്രവാദികള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. സേനയുടെ കണ്ണില്‍പെടാതിരിക്കുവാനാണ് രണ്ടു തീവ്രവാദികള്‍ കിര്‍ക്കുക് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേ ഒരു മുറിയില്‍ ഒളിച്ചിരിക്കുവാന്‍ വേണ്ടി കയറിയത്. തീവ്രവാദികള്‍ മുറിയിലേക്ക് കടന്നുവരുന്നത് കണ്ട പെണ്‍കുട്ടികള്‍ കട്ടിലിലെ മെത്തയുടെ അടിയിലായി ഒളിച്ചു. ഈ സമയം തങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന അപകടത്തെ കുറിച്ച് അവര്‍ ഫാദര്‍ റോണി മോമിക്ക് മൊബൈലിലൂടെ വിവരം നല്‍കി.

"അവിടെ നടക്കുന്ന സംഭവങ്ങള്‍ എല്ലാം കുട്ടികള്‍ തത്സമയം എന്നെ ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥം നടത്തുവാന്‍ ഞാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷപെട്ട ഒരു പെണ്‍കുട്ടി പറഞ്ഞത്, തീവ്രവാദികളുടെ കണ്ണില്‍ നിന്നും മാതാവ് തങ്ങളെ മറച്ചുപിടിച്ചുവെന്നാണ്." ഫാദര്‍ റോണി മോമിക്ക പറഞ്ഞു.

ആദ്യം രണ്ടു തീവ്രവാദികളാണ് മുറിയിലേക്ക് കടന്നുവന്നതെന്നും, പിന്നീട് ഇവര്‍ മുറിവേറ്റ രണ്ടു പേരെ കൂടി മുറിയിലേക്ക് കൊണ്ടുവന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. നീണ്ട എട്ടുമണിക്കൂര്‍ തീവ്രവാദികള്‍ തങ്ങളുടെ മുറിയില്‍ തന്നെയായിരുന്നു ഒളിച്ചിരുന്നത്. മുറിയില്‍ അവര്‍ നിസ്‌കരിക്കുകയും, ഭക്ഷണം പാകംചെയ്തു കഴിക്കുകയും, മുറിവേറ്റ മറ്റുരണ്ടു പേരെ ശുശ്രൂഷിക്കുകയും ചെയ്തതായും പെണ്‍കുട്ടികള്‍ വിവരിച്ചു. ഒരു കിടക്കമുഴുവനും രക്തത്തില്‍ കുതിര്‍ന്ന രീതിയിലായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

ഇറാഖി സേന, വിവിധ രാജ്യങ്ങളിലെ സേനാംഗങ്ങളോടൊപ്പം ഐഎസ് തീവ്രവാദികള്‍ക്കെതിരെ അവസാന റൗണ്ട് പോരാട്ടമാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 96