News - 2024

പതിനഞ്ച് വയസ്സുകാരനായ ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധ പദവിയിലേക്ക് എത്തിച്ച അത്ഭുത രോഗസൗഖ്യം

സ്വന്തം ലേഖകന്‍ 21-10-2016 - Friday

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ രക്തസാക്ഷിയായ ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അത്ഭുത പ്രവര്‍ത്തിയാണ്.

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജോസ് സാഞ്ചസ് ഡെല്‍ റിയോയുടെ മധ്യസ്ഥതയില്‍, എട്ടു വര്‍ഷം മുമ്പാണ് ഒരു പെണ്‍കുഞ്ഞിന് അവളുടെ ഗുരുതരമായ അസുഖങ്ങള്‍ക്ക് സൌഖ്യം ലഭിച്ചത്. സിമെന ഗാല്‍വസ് എന്ന ഈ പെണ്‍കുട്ടിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പഖ്യാപന ചടങ്ങിനിടയില്‍ സന്തോഷത്തോടെ ആലിംഗനം ചെയ്തിരിന്നു.

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ അത്ഭുതമാണ് തങ്ങളുടെ ജീവിതത്തില്‍ നടന്നതെന്ന് സിമെന ഗാല്‍വസിന്റെ അമ്മ പൗളീന ഗാല്‍വസ് ഒരു പ്രമുഖ കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ എടുത്ത് മാറ്റി മരണത്തെ മാത്രം പ്രതീക്ഷിച്ചിരുന്ന മകളെ, ദൈവം തിരിച്ചു നല്‍കിയ അത്ഭുതത്തെ അവര്‍ നിറകണ്ണുകളോടെയാണ് വിവരിക്കുന്നത്.

മെനഞ്ചൈറ്റിസ്, ക്ഷയം, എപ്പിലെപ്‌സി, തുടങ്ങിയ നിരവധി അസുഖങ്ങള്‍ ഒരുപോലെ ബാധിച്ച് ഒരു ശ്വാസകോശം നീക്കം ചെയ്യേണ്ടി വന്ന മകള്‍ മരിക്കുമെന്നാണ് ഡോക്ടറുമാര്‍ പറഞ്ഞത്. പൗളീന ഗാല്‍വസ് പറയുന്നു.

"നിങ്ങളുടെ മകള്‍ ഇപ്പോള്‍ തന്നെ മരണത്തിലേക്ക് വീണിരിക്കുന്നു. ഇനി അവള്‍ രക്ഷപെടില്ല എന്നാണ് ഡോക്ടറുമാര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഡോക്ടറുമാരുടെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചു. 72 മണിക്കൂര്‍ മാത്രമാണ് എന്റെ മകള്‍ക്ക് ഡോക്ടറുമാര്‍ ആയുസ് കല്‍പ്പിച്ചിരുന്നത്".

"ഞാന്‍ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസ് ഡെല്‍ റിയോയുടെ ഒരു ചിത്രം അവളുടെ അരികില്‍ കൊണ്ട് വച്ചു. അബോധാവസ്ഥയിലായിരുന്ന മകള്‍ എന്റെ വിരലുകളിലേക്ക് ഈ സമയം മുറുകെ പിടിച്ചു. ഞാന്‍ ഓരോ തവണ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസിന്റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുമ്പോഴും ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിന്നു. അവള്‍ പതിയെ കണ്ണുകള്‍ തുറക്കുവാനും ചിരിക്കുവാനും തുടങ്ങി. കണ്ടു നിന്ന ഡോക്ടറുമാര്‍ അപ്പോള്‍ തന്നെ ഇതൊരു അത്ഭുതമാണെന്ന് പറഞ്ഞു". പൗളീന ഗാല്‍വസ് വിശദീകരിച്ചു.

നീണ്ട ഏഴു വര്‍ഷത്തെ പഠനങ്ങള്‍ക്കും വിവിധ മെഡിക്കല്‍ സംഘങ്ങളുടെ പരിശോധനകള്‍ക്കും ശേഷമാണ് വത്തിക്കാന്‍ സിമെന ഗാല്‍വസിന്റെ ജീവിതത്തില്‍ നടന്നത് ശാസ്ത്രത്തിന് വിശദീകരിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള അത്ഭുതമാണെന്ന് സ്ഥിരീകരിച്ചത്.

തങ്ങളുടെ സ്വന്തം രാജ്യത്ത് രക്തസാക്ഷിയായി തീര്‍ന്ന 15 വയസുമാത്രം പ്രായമുള്ള ജോസ് സാഞ്ചസ് ഡെല്‍ റിയോയേ വിശുദ്ധനാക്കിയതില്‍, തന്റെ മകള്‍ നിമിത്തമായതിനെ ഓര്‍ത്ത് അതിയായി സന്തോഷിക്കുന്നതായും പൗളീന ഗാല്‍വസ് പറഞ്ഞു.

1913-ല്‍ ജനിച്ച വിശുദ്ധ ജോസ് സാഞ്ചസ് ഡെല്‍ റിയോ 1928-ല്‍ രക്തസാക്ഷിയാകുകയായിരുന്നു. മതസ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പോരാടിയ വിശുദ്ധ ജോസ് സാഞ്ചസ് മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കെതിരേയും തന്റെ ചെറുപ്രായത്തില്‍ തന്നെ ശബ്ദമുയര്‍ത്തിയിരിന്നു.

More Archives >>

Page 1 of 95