News - 2024
വത്തിക്കാനില്‍ നിന്നും നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അംഗീകരിച്ചു; ചാങ്‌സി രൂപതയുടെ പുതിയ ബിഷപ്പായി ഫാദര്‍ പീറ്റര്‍ ഡിംങ് അടുത്ത മാസം അഭിഷിക്തനാകും
സ്വന്തം ലേഖകന്‍ 25-10-2016 - Tuesday
ബെയ്ജിംഗ്: ചൈനയിലെ ചാങ്‌സി രൂപതയുടെ അധ്യക്ഷനായി പുതിയ ബിഷപ്പിനെ വത്തിക്കാന്‍ നിയമിച്ചു. ഫാദര്‍ പീറ്റര്‍ ഡിംങ് ലിംങ്ബിന്‍ ആണ് പുതിയ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്‍മാരുടെ നാമത്തിലുള്ള, രൂപതയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നവംബര്‍ പത്താം തീയതിയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തപ്പെടുക. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫാദര്‍ പീറ്റര്‍ ഡിംങിനെ വത്തിക്കാന്‍ ബിഷപ്പായി നാമനിര്‍ദേശം ചെയ്തിരുന്നതാണെങ്കിലും ചൈനീസ് സര്‍ക്കാര്‍ ഇതിനെ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ നീണ്ടു പോകുകയായിരുന്നു.
ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ വത്തിക്കാനുമായി ചൈനീസ് ഭരണകൂടത്തിനുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടുവരുകയാണെന്നതിന്റെ സൂചനയാണ് പുതിയ നടപടിക്രമം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പുതിയതായി നിയമിക്കുന്ന ബിഷപ്പുമാരുടെ കാര്യത്തില്‍ വത്തിക്കാനായിരിക്കും എല്ലാ തീരുമാനങ്ങളും സ്വീകരിക്കുക എന്നതാണ് ധാരണയിലെ സുപ്രധാന കാര്യം. വത്തിക്കാന് ചൈനീസ് ബിഷപ്പുമാരെ കല്‍പനയിലൂടെ അയോഗ്യരാക്കുവാന്‍ ഇനി മുതല്‍ സാധിക്കും.
ചാങ്‌സി രൂപതയിലെ ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു ശേഷം ചെങ്ഡു രൂപതയിലേക്കും പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുമെന്ന് ഏഷ്യാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്ഡു രൂപതയിലേക്ക്, മോണ്‍സിഞ്ചോര്‍ ജോസഫ് ടാംങ് യുവാഞ്ചെയെ ആണ് വത്തിക്കാന്‍ നിയമിക്കുക എന്നും ഏഷ്യാന്യൂസ് പറയുന്നു. ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം ലഭിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച് വത്തിക്കാന്‍ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.