News

ഐ‌എസ് അധീനതയിലായിരിന്ന വടക്കൻ ഇറാഖിലെ ദേവാലയം വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍ 21-11-2016 - Monday

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കൊണ്ട് രണ്ടുവർഷത്തിലേറെയായി അടച്ചിട്ടിരുന്ന ക്രൈസ്തവ ദേവാലയം വീണ്ടും തുറന്നു. ഐഎസ് അധീനതയിലുള്ള മൊസൂളിൽനിന്നു 15 കിലോമീറ്റർ വടക്കു മാറിയുള്ള ബഷീക്വ നഗരത്തിലെ മാർ കോർക്കീസ് ദേവാലയമാണ് വീണ്ടും തുറന്നത്.

ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന പ്രദേശം കഴിഞ്ഞ 7ന് ഇറാഖി സൈന്യം തിരികെ പിടിച്ചിരുന്നു. ഇതോടെയാണ് ഇവിടെ വീണ്ടും ദേവാലയം തുറക്കാനുള്ള ശ്രമം ആരംഭിച്ചത്. നേരത്തെ ഐഎസ് ഭീകരർ തകർത്ത ദേവാലയത്തിലെ പ്രധാന കുരിശ് മാറ്റി പുതിയത് സ്‌ഥാപിച്ച ചടങ്ങിൽ സ്ത്രീകളടക്കമുള്ള നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. നിനവെയിലെ ഈ പ്രദേശം ആദിമ ക്രൈസ്തവരുടെ ഏറെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു. 2014ൽ ആണ് നിനവെ താഴ്വര ഐഎസിന്റെ അധീനതയിലാകുന്നത്.

തുടര്‍ന്നു നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. ആയിരകണക്കിന് വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും ഐഎസ് തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസം മൊസൂളിനു സമീപമുള്ള കാര്‍മിലിസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്‌റിയന്‍ ദേവാലയം ഐഎസ് തീവ്രവാദികള്‍ തകര്‍ത്തിരിന്നു. നിനവാ ഗവര്‍ണറേറ്റിന്റെ ഭാഗമായി വരുന്ന ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങളില്‍ ഒന്നായിരുന്നു തകര്‍ക്കപ്പെട്ട അസ്‌റിയന്‍ ദേവാലയം.

ക്രൈസ്തവ മതത്തിന്റെ ഉത്ഭവ സ്ഥലങ്ങളാണ് ഇറാഖും, സിറിയയുമെല്ലാം ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ഇവിടെയുള്ള ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ചരിത്രത്തെ തന്നെ മായിച്ചു കളയുവാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തി കൊണ്ടിരിന്നത്. അതേ സമയം ഇറാഖി സൈന്യത്തിന്റെ ശക്തമായ മുന്നേറ്റം ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

More Archives >>

Page 1 of 107