News - 2024

കരുണയുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പാക്കിസ്ഥാന്‍ 69 തടവുകാരെ മോചിപ്പിച്ചു

സ്വന്തം ലേഖകന്‍ 21-11-2016 - Monday

ഫൈസലാബാദ്: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ 69 തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. ഫൈസലാബാദിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവില്‍ കഴിഞ്ഞിരുന്നവരെയാണ് സര്‍ക്കാര്‍ അധികൃതര്‍ മോചിപ്പിച്ചത്. തടവുകാരോട് കൂടുതല്‍ ദയ കാണിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിഫലനമെന്നോണമാണ് അധികൃതര്‍ തടവുകാരെ വിട്ടയക്കുവാന്‍ തീരുമാനിച്ചതെന്ന്‍ മനുഷ്യാവകാശ വകൂപ്പ് മന്ത്രിയും ക്രൈസ്തവ സെനറ്ററുമായ കമ്രാന്‍ മൈക്കിള്‍ പ്രതികരിച്ചു.

കമ്രാന്‍ മൈക്കിളിന്റെയും, ഫൈസലാബാദ് ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദിന്റെയും നേതൃത്വത്തിലുള്ള സംഘം നേരത്തെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ജയിലിലെ മറ്റു തടവുകാരോട് അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും, വിവിധ ബുദ്ധിമുട്ടുകളെ കുറിച്ചും മന്ത്രിയും ആര്‍ച്ച് ബിഷപ്പും ചോദിച്ചു മനസിലാക്കിയിരിന്നു. ഗുരുതരമല്ലാത്ത വിവിധ കുറ്റങ്ങള്‍ ചെയ്തവരാണ് ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട 69 പേരും. പലരുടെയും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും, പിഴയായി നല്‍കേണ്ട പണം കെട്ടിവയ്ക്കാതിരുന്നതിനാലാണ് തടവറയില്‍ കഴിയേണ്ടി വന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഒരു പ്രതികരണമായിട്ടാണ് പാക്കിസ്ഥാനി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് കമ്രാന്‍ മൈക്കിള്‍ പറഞ്ഞു. "പണം ഇല്ലാതിരുന്നതു മൂലം ഇതുവരെ മോചനം സാധ്യമാകാതിരുന്ന ഇവരുടെ പിഴതുക, സര്‍ക്കാര്‍ പ്രത്യേക ഫണ്ടില്‍ നിന്നും അടയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയില്‍ തടവുകാരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പുതിയ തീരുമാനം പാക്കിസ്ഥാനിലെ ജയിലിലെ ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ". കമ്രാന്‍ മൈക്കിള്‍ പറഞ്ഞു.

88 ജയിലുകളാണ് പാക്കിസ്ഥാനിലുള്ളത്. ഇത്രയും തടവറകളിലായി എണ്‍പതിനായിരത്തില്‍ അധികം തടവുകാരുണ്ടെന്നാണ് കണക്ക്. തടവുകാരില്‍ 70 ശതമാനം പേരും വിചാരണ നേരിടുന്നവരാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം നാല്‍പത്തിയാറായിരം തടവുകാരെ പാര്‍പ്പിക്കുവാനുള്ള സൗകര്യം മാത്രമാണ് പാക്കിസ്ഥാനിലെ ജയിലുകളില്‍ ഉള്ളത്.

More Archives >>

Page 1 of 107