News - 2025

കുമ്പസാരിപ്പിക്കുന്ന വൈദികന് സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 10-02-2016 - Wednesday

കുമ്പസാരിപ്പിക്കുന്ന വൈദികന് സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സ്വന്തം പാപങ്ങൾ മനസിലാക്കുന്ന വൈദികനു മാത്രമേ നല്ല കുമ്പസാരക്കാരൻ ആകുവാൻ കഴിയുകയുള്ളു എന്ന്, വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള സന്ദേശത്തിൽ മാർപാപ്പ വൈദികരെ ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ കപ്പൂച്ചിയൻ ഫ്രാൻസിസ്ക്കൻ വൈദികരുമൊത്ത് ദിവ്യബലി അർപ്പിക്കുന്ന വേളയിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ സന്ദേശം നൽകിയത്.

"നിങ്ങളുടെ സഹോദരൻ എന്ന നിലയ്ക്കാണ് ഞാനിത് പറയുന്നത്. നിങ്ങളിലൂടെ ഞാൻ ഈ സന്ദേശം ലോകമെങ്ങുമുള്ള കുമ്പസാരക്കാർക്കായി നൽകുകയാണ്. കരുണയുടെ ഈ വർഷത്തിൽ കുമ്പസാരത്തിന് അത്യധികം പ്രാധാന്യമുണ്ട് എന്ന് ഓർത്തിരിക്കുക."

പുരോഹിതർക്ക് ദണ്ഡ വിമോചനം കൽപ്പിക്കാനാവാത്ത പാപങ്ങളുണ്ട്. അത്തരം അവസരങ്ങളിൽ കുമ്പസാരകൂട്ടിലേക്ക് എത്തുന്ന വിശ്വാസികളെ വാക്കുകൊണ്ടും മനസുകൊണ്ടും ശപിക്കാൻ ശ്രമിക്കരുത്. "വിശ്വാസികൾ, ഒരൽപ്പം ആശ്വാസം തേടിയാണ്, മനസ്സിനും ആത്മാവിനും സമാധാനം തേടിയാണ്, കുമ്പസാരക്കൂട്ടിലേക്ക് എത്തുന്നത്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് അവരെ ഓർമ്മപ്പെടുത്തുക; അതാണ് ഒരു വൈദികന്റെ കടമ." പിതാവ് പറഞ്ഞു.

തുടർന്ന് അദ്ദേഹം, കുമ്പസാരം എന്ന കൂദാശയുടെ ഏറ്റവും മഹത്തായ പാരമ്പര്യം തുടർന്നു വരുന്ന കപ്പൂച്ചിയൻ സന്യാസ സമൂഹത്തേയും, പ്രസ്തുത സന്യാസസമൂഹത്തിലെ മഹത്തുക്കളായ, മാന്ദിക്കിലെ വിശുദ്ധ ലെപ്പോൾഡ്, പെട്രോസീനയിലെ വിശുദ്ധ പാദ്രെ പീയോ എന്നിവരെയും പ്രത്യേകം പരാമർശിച്ചു സംസാരിച്ചു. വിശുദ്ധ പീയോയുടെ ദൗതിക ശരീരം ഉൾപ്പടെ, രണ്ടു വിശുദ്ധരുടെയും തിരുശേഷിപ്പുകൾ, കരുണയുടെ വർഷത്തിന്റെ പ്രത്യേക പ്രാർത്ഥനകൾക്കായും പാപവിമോചനത്തിന്റെ പ്രതീകങ്ങളായും ഇപ്പോൾ റോമിൽ എത്തിച്ചിട്ടുണ്ട്.

"പാപികളുടെ മനസ് തൊട്ടറിഞ്ഞ വിശുദ്ധരായിരുന്നു ഇവർ." അദ്ദേഹം പറഞ്ഞു.

"തെറ്റുകൾക്ക് മാപ്പ് ആവശ്യമില്ല എന്നു കരുതുന്നവർ സാവധാനത്തിൽ ദൈവത്തെ മറക്കുന്നു. മാപ്പ് ചോദിക്കാത്തവർ മാപ്പ് കൊടുക്കാനും മടി കാണിക്കുന്നു. തനിക്കും അശുദ്ധിയുണ്ടായിരുന്നു എന്നു ബോദ്ധ്യമുള്ള വൈദികനാണ് എളിമയോടെ, മറ്റുള്ളവരുടെ തെറ്റുകൾക്ക് മാപ്പു കൊടുക്കുന്നത്. തങ്ങൾ വിശുദ്ധന്മാരെന്നു സ്വയം കരുതുന്നവർ മറ്റുള്ളവരുടെ പാപങ്ങൾക്കുനേരെ ശാപവാക്കുകൾ ഉച്ചരിക്കുന്നു."

"ഒരു വ്യക്തി കുമ്പസാരകൂട്ടിൽ എത്തുന്നു എന്ന പ്രക്രിയ തന്നെ, പശ്ചാത്താപത്തിന്റെ ഒരു പ്രഖ്യാപനമാണ്. പാപം ഇറക്കി വച്ച് ആശ്വസിക്കാൻ വേണ്ടിയാണ് ആ വ്യക്തി കുമ്പസാര കൂട്ടിലേക്ക് എത്തുന്നത്. അയാൾക്ക് അത് പറയാൻ അറിയില്ലായിരിക്കാം. പക്ഷേ, അയാൾ അവിടെ എത്തുന്നു എന്നതു തന്നെ, പശ്ചാത്തപിക്കുന്ന ഒരു മനസ്സിനെ കാണിക്കുന്നു."

മനശാസ്ത്രപരമായ പ്രത്യേക അവസ്ഥകളോ, ജീവിത സാഹചര്യങ്ങളോ മനുഷ്യരുടെ സ്വഭാവ പരിണാമത്തിന് തടസ്സമായി നിൽക്കാം. വൈദികർ അത് വിസ്മരിക്കരുത്.

"എല്ലാവർക്കും മാപ്പു കൊടുക്കുന്ന, കരുണയുടെ മുഖവും മനസ്സുമുള്ള വൈദികരെയാണ്, നമുക്ക് ആവശ്യം. എല്ലാത്തിലും തിന്മ കാണുന്നത് സാത്താന്റെ സ്വഭാവമാണ്."

"മാപ്പ് ദൈവത്തിന്റെ തലോടലാണ്. അതിൽ വിശ്വസിക്കുക." പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

(Source: Catholic News Agency)

More Archives >>

Page 1 of 23