India - 2025
മലങ്കര കത്തോലിക്കാ സഭയുടെ 89ാം പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 19ന്
സ്വന്തം ലേഖകന്‍ 30-03-2019 - Saturday
കോട്ടയം: ദൈവ സമ്പാദനം അത്യുത്തമം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മലങ്കര കത്തോലിക്കാ സഭയുടെ 89ാം പുനരൈക്യ വാര്‍ഷികവും ബഥനി സന്യാസ സമൂഹശതാബ്ദി ആഘോഷവും സെപ്റ്റംബര്‍ 19, 20 തീയതികളില്‍ കോട്ടയം ഗിരിദീപം ബഥനി കാന്പസില്‍ നടത്താന്‍ സഭാ പ്രതിനിധി സമ്മേളനത്തില്‍ തീരുമാനിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതും ലളിതവുമായിരിക്കണം സമ്മേളനമെന്നു കാതോലിക്കാ ബാവ നിര്‍ദേശിച്ചു.
സന്യാസത്തെക്കുറിച്ചുള്ള പഠനശിബിരങ്ങളും അല്മായ സന്യസ്തസംഗമങ്ങളും സഭയുടെ കാരുണ്യപ്രവര്‍ത്തികളും ഉള്‍ക്കൊള്ളുന്ന കര്‍മപരിപാടികളാണ് നടത്തുക. ആഘോഷങ്ങളുടെ വിജയത്തിനായി 501 പേരുടെ 20 കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബഥനി സന്യാസസമൂഹ അധ്യക്ഷന്‍ ഫാ. ജോസ് കുരുവിള ഒഐസിയെ ജനറല്‍ കണ്‍വീനറായും കോട്ടയം മേഖലാ വികാരി റവ.ഡോ. റെജി വര്‍ഗീസ് മനയ്ക്കലേട്ടിനെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.